ലീഗിനെ കൂട്ടുപിടിച്ച് രാഹുൽ രാജ്യവിഭജനത്തിനു ശ്രമിക്കുന്നുവെന്ന് ശ്രീധരൻ പിള്ള

രാജ്യത്തെ ദക്ഷിണേന്ത്യയും ഉത്തരേന്ത്യയുമായി വിഭജിക്കാനാണ് മുസ്‌ലിം ലീഗിനെ കൂട്ടുപിടിച്ച് രാഹുൽഗാന്ധിയുടെ ശ്രമമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. രാഹുൽ ഗാന്ധി അഭയാർഥിയായി ഇവിടേക്ക് വന്ന് അവരുടെ സഹായം തേടുകയാണെന്നും ശ്രീധരൻ പിള്ള ആരോപിച്ചു. പത്രപ്രവർത്തക യൂണിയന്റെ ‘ഇന്ത്യൻ വോട്ട് വർത്തമാനം’ പരിപാടിയിൽ സംസാരിക്കവേ ആണ് ശ്രീധരൻ പിളളയുടെ ആരോപണം.
“അഭയാർഥികളായി എത്തുന്നവരെ വ്യക്തിപരമായി തങ്ങൾ ആക്രമിക്കാറില്ല. ബിജെപിയെ ദക്ഷിണേന്ത്യയിൽ നിന്നു തുടച്ചു നീക്കും എന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്. ഒരു പാർട്ടിയെ തുടച്ചുനീക്കും എന്നൊക്കെ പറയുന്നത് ഏകാധിപത്യ രാജ്യങ്ങളിലെ പ്രവണതയാണ്. കേരളത്തിലെ 20 മണ്ഡലങ്ങളിലും സമീകൃതമായ സ്ഥാനാർഥികളെയാണു എൻഡിഎ നിർത്തിയിട്ടുള്ളത്.ശബരിമലയിലെ വേട്ടയാടൽ തങ്ങൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കും. എൻഎസ്എസ് ഇപ്പോഴും സമദൂര നിലപാടിലാണ്. ആ സമദൂരത്തിൽ ബിജെപിയും ഉൾപ്പെടും.”- ശ്രീധരൻ പിള്ള പറഞ്ഞു.
എറണാകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം കോടതിമുറിയിൽ കയറി വോട്ട് ചോദിച്ചതിൽ എന്താണ് തെറ്റെന്നു ശ്രീധരൻപിള്ള ചോദിച്ചു. കോടതിക്കു പ്രത്യേക സമയമുണ്ട്. അതിനു ശേഷം ആർക്കും പോകാം. എല്ലാ സ്ഥാനാർഥികളും കോടതികളിൽ പോയി വോട്ട് ചോദിക്കാറുണ്ടെന്നും ശ്രീധരൻപിള്ള പറഞ്ഞു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here