ഐപിഎൽ വേദിയിൽ അരങ്ങേറി സുധീഷൻ മിഥുൻ

ഐപിഎൽ വേദിയിൽ അരങ്ങേറി മലയാളി താരം സുധീഷൻ മിഥുൻ. ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനു വേണ്ടിയാണ് മിഥുൻ അരങ്ങേറിയത്. ഐപിഎൽ വേദിയിൽ കളത്തിലിറങ്ങുന്ന ആറാമത്തെ മലയാളിയാണ് മിഥുൻ.
സഞ്ജു സാംസൺ പരിക്കു മൂലം പുറത്തിരുന്ന മത്സരത്തിലാണ് മിഥുൻ അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരം കളിച്ച മിഥുന് പക്ഷേ, നല്ല ദിവസമായിരുന്നില്ല ഇന്നലെ. 2 ഓവറുകൾ മാത്രം പന്തെറിഞ്ഞ മിഥുൻ 27 റൺസാണ് വഴങ്ങിയത്. ക്രിസ് ലിൻ-നരേൻ ഓപ്പണിംഗ് ജോഡികൾക്കെതിരെ ആയിരുന്നു മിഥുൻ്റെ ബൗളിംഗ്.
ഐപിഎല്‍ ലേലത്തില്‍ 20 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ഈ കായംകുളം സ്വദേശിയെ സ്വന്തമാക്കിയത്. കേരളത്തിനു വേണ്ടി നിര്‍ണ്ണായക പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുള്ള താരമാണ് ഈ വലംകൈയ്യന്‍ ലെഗ് ബ്രേക്ക് ബൗളര്‍. മികച്ച ഫീല്‍ഡര്‍ കൂടിയായ മിഥുന്‍ സ്ലോഗ് ഓവറുകളിൽ തകർത്തടിക്കാൻ ശേഷിയുള്ള താരമാണ്.
അതേ സമയം, ഇന്നലെ നടന്ന മത്സരത്തിൽ 8 വിക്കറ്റിൻ്റെ കൂറ്റൻ ജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. 59 പന്തുകളിൽ 73 റൺസെടുത്ത സ്റ്റീവൻ സ്മിത്തിൻ്റെയും 34 പന്തുകളിൽ 37 റൺസെടുത്ത ജോസ് ബട്ട്ലറുടെയും മികവിൽ നിശ്ചിത 20 ഓവറുകളിൽ 3 വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുത്ത രാജസ്ഥാൻ കൊൽക്കത്തയ്ക്ക് ഒരു ഇരയേ ആയിരുന്നില്ല. വെറും 14 ഓവറുകളിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊൽക്കത്ത ഫിനിഷിംഗ് ലൈൻ കടന്നു. 32 പന്തുകളിൽ 50 റൺസെടുത്ത ക്രിസ് ലിൻ, 25 പന്തുകളിൽ 47 റൺസെടുത്ത സുനിൽ നരേൻ എന്നിവരാണ് കൊൽക്കത്തയ്ക്കു വേണ്ടി തിളങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here