Advertisement

ബിജെപിക്ക് ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് സ്വാമി ചിദാനന്ദപുരി

April 9, 2019
0 minutes Read

ബിജെപിക്ക് ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ശബരിമല കര്‍മ്മസമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി. ആരെ ജയിപ്പിക്കണം എന്നതിനേക്കാള്‍ ആരെ പരാജയപ്പെടുത്തണം എന്നാണ് ചിന്തിക്കേണ്ടത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ഗുണം ചെയ്യുമെന്നും സ്വാമി ചിദാനന്ദപുരി വ്യക്തമാക്കുന്നു.

കൊളത്തൂര്‍ അദ്വൈതാശ്രമവുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണത്തിലാണ് ശബരിമല കര്‍മ്മ സമിതിയുടെ പ്രധാനപ്പെട്ട നേതാവ് കൂടിയായ സ്വാമി ചിദാനന്ദപുരി തന്റെ നിലപാട് വ്യക്തമാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആരെ ജയിപ്പിക്കണം എന്നതിനേക്കാള്‍ ആരെ പരാജയപ്പെടുത്തണം എന്നാണ് ചിന്തിക്കേണ്ടത്. തിരുവനന്തപുരം, പത്തനംതിട്ട ഉള്‍പ്പെടെ ഏതാനും മണ്ഡലങ്ങള്‍ മാത്രമാണ് ബിജെപിക്ക് ജയസാധ്യത ഉള്ളത്. മറ്റിടങ്ങളില്‍ ഹിന്ദു വോട്ടുകള്‍ ഛിന്നഭിന്നമായി പോകാതിരിക്കാന്‍ യുഡിഎഫിനെ പിന്തുണയ്ക്കണമെന്നും സ്വാമി ചിദാനന്ദപുരി ആഹ്വാനം ചെയ്യുന്നു.

ഹിന്ദു വിരുദ്ധ ഇടത് സര്‍ക്കാരിനെ പ്രതിരോധിക്കാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുന്നതും ഇത്തരം അടവുനയമാണെന്നും ശബരിമല കര്‍മ്മസമിതി നേതാവ് വ്യക്തമാക്കുന്നു. അതേസമയം സ്വാമി ചിദാനന്ദപുരിയുടെ അഭിമുഖം ഇതിനോടകം വിവാദമായിട്ടുണ്ട്. ശബരിമല വിഷയം പ്രകടനപത്രികയില്‍ പോലും ഉള്‍പ്പെടുത്തി പരമാവധി മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിനിടെയാണ് കര്‍മ്മസമിതി മുതിര്‍ന്ന നേതാവ് തന്നെ വോട്ട് മറിക്കാന്‍ ആഹ്വാനം നല്‍കി രംഗത്തെത്തിയത്. ചിത്തിര ആട്ട വിശേഷ സമയത്ത് സന്നിധാനത്തെ പ്രതിഷേധങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കിയ വ്യക്തി കൂടിയാണ് സ്വാമി ചിദാനന്ദപുരി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top