സൗദിയില്‍ എത്തിയ മലയാളികള്‍ അടങ്ങിയ ഉംറ സംഘത്തിന്‍റെ പാസ്പോര്‍ട്ടുകള്‍ നഷ്ടപ്പെട്ടു

കുവൈറ്റില്‍ നിന്നും സൗദിയില്‍ എത്തിയ മലയാളികള്‍ അടങ്ങിയ ഉംറ സംഘത്തിന്‍റെ പാസ്പോര്‍ട്ടുകള്‍ നഷ്ടപ്പെട്ടു. ഇതോടെ സംഘത്തിന്‍റെ മടക്കയാത്ര അനിശ്ചിതത്വത്തിലായി. പരാതിയുമായി സംഘം ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിച്ചു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കുവൈറ്റില്‍ നിന്നും ഇരുപത്തിയൊന്ന് മലയാളികള്‍ അടങ്ങിയ അമ്പത്തിരണ്ടംഗ ഉംറ സംഘം റോഡ്‌ മാര്‍ഗം മക്കയില്‍ എത്തിയത്. ഉംറ സര്‍വീസ് ഏജന്റിന്റെ കൈവശം ഉണ്ടായിരുന്ന പാസ്പോര്‍ട്ടുകള്‍ സൂക്ഷിച്ച ബാഗ്‌ മക്കയിലെ ഹോട്ടലില്‍ വെച്ച് നഷ്ടപ്പെട്ടതായാണ് പരാതി. തീര്‍ഥാടകര്‍ മക്കയിലെത്തിയ ദിവസം തന്നെ പാസ്പോര്‍ട്ടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ഇന്നാണ് ഇക്കാര്യം തീര്‍ഥാടകരെ അറിയിക്കുന്നത്. പാസ്പോര്ട്ടുകള്‍ അടങ്ങിയ ബാഗ് ഹോട്ടലില്‍ നിന്നും ചപ്പുചവറുകള്‍ നീക്കം ചെയ്യുന്ന കൂട്ടത്തില്‍ ഒഴിവാക്കിയതാണെന്നും സിസിടിവി ദൃശ്യങ്ങളില്‍ അത് വ്യക്തമാണെന്നും ഇവര്‍ പറയുന്നു.

Read Also : സൗദിയിൽ സ്ത്രീകളുടെ തൊഴിൽ സുരക്ഷയ്ക്കായി പുതിയ നിയമം അടുത്തയാഴ്ച പ്രാബല്യത്തിൽ

അടുത്ത വെള്ളിയാഴ്ച കുവൈറ്റിലേക്ക് മടങ്ങേണ്ടവരാണ് ഈ തീര്‍ഥാടകര്‍. ഇതുവരെ മദീന സന്ദര്‍ശിചിട്ടില്ല. പലരും കുവൈറ്റില്‍ ജോലി ചെയ്യുന്നവരാണ്. വിസിറ്റ് വിസയില്‍ കുവൈറ്റില്‍ എത്തിയവരും സംഘത്തിലുണ്ട്. മടക്കയാത്ര വൈകിയാല്‍ എല്ലാം അവതാളത്തിലാകുമെന്ന ആശങ്കയിലാണ് തീര്‍ഥാടകര്‍.

പരാതിയുമായി ഇവര്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിച്ചിട്ടുണ്ട്. വൈകാതെ പുതിയ പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്യാമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. ജിദ്ദയിലെ ഒ.ഐ.സി.സി പ്രവര്‍ത്തകരും ഇവരുടെ സഹായത്തിനുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top