പാക്കിസ്ഥാൻ മോദിയുമായി സഖ്യം ചേർന്നിരിക്കുകയാണെന്ന് കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പാക്കിസ്ഥാൻ സഖ്യം ചേർന്നിരിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല. മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായുള്ള മോദിയുടെ സ്‌നേഹം പ്രസിദ്ധമാണെന്നും ആ പ്രണയം ഇമ്രാൻ ഖാനിലൂടെയും തുടരുകയാണെന്നും രൺദീപ് സുർജേവാല ആരോപിച്ചു. മോദി വീണ്ടും അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നതായുള്ള ഇമ്രാൻ ഖാന്റെ പ്രസ്താവനയോട് ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോൾ മോദിയുടെ പാക് സ്‌നേഹത്തിന്റെ സത്യങ്ങൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണെന്നും മോദിക്കുള്ള ഓരോ വോട്ടും പാക്കിസ്ഥാനുള്ള വോട്ടാണെന്നും സുർജേവാല പ്രതികരിച്ചു. ഇന്ത്യയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയാലേ സമാധാന ചർച്ചകൾക്ക് സാധ്യതയുള്ളൂവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടതായി നേരത്തെ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.ഒരു പക്ഷേ ബിജെപി എത്തിയാൽ കാശ്മീർ വിഷയത്തിൽ എന്തെങ്കിലും ധാരണയിൽ എത്തിയേക്കാമെന്നുമായിരുന്നു ഇമ്രാൻ ഖാന്റെ നിലപാട്.

Read Also; സമാധാനത്തിന് ഒരു അവസരം കൂടി നൽകണം; നരേന്ദ്ര മോദിയോട് അഭ്യർഥിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

അതേ സമയം ഇനി ഇമ്രാൻ ഖാനെ പുകഴ്ത്തണോ എന്ന കാര്യത്തിൽ ബിജെപിക്കാർ ആശയക്കുഴപ്പത്തിലായിരിക്കുകയാണെന്ന് ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി പ്രതികരിച്ചു. മോദിയുടെ ഭക്തർ ഇമ്രാൻ ഖാനെ പുകഴ്ത്തണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിൽ തല ചൊറിയുകയാണെന്നായിരുന്നു മെഹബൂബയുടെ ട്വീറ്റ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top