സമാധാനത്തിന് ഒരു അവസരം കൂടി നൽകണം; നരേന്ദ്ര മോദിയോട് അഭ്യർഥിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

സമാധാനത്തിന് ഒരു അവസരം കൂടി നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങൾ നൽകിയാൽ ശക്തമായ നടപടിയെടുക്കുമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
2015ൽ മോദിയുമായി ചർച്ച നടത്തിയിരുന്നു. ദാരിദ്ര്യം തുടച്ചുനീക്കാൻ മുന്നിട്ടിറങ്ങണമെന്നും തീവ്രവാദികളെ തുരത്താൻ ഒരുമിച്ചു നിൽക്കണമെന്നും അന്നു പറഞ്ഞ മോദി തിരഞ്ഞെടുപ്പടുത്തപ്പോൾ പറഞ്ഞതെല്ലാം മറന്നിരിക്കുകയാണെന്നും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി. രാജസ്ഥാനിലെ റാലിക്കിടെ തീവ്രവാദത്തിനെതിരെ ലോകം ഒരുമിച്ച് നിൽക്കുകയാണെന്ന് പറഞ്ഞ മോദി പഠാന്റെ മകൻ ആണെങ്കിൽ ഭീകരാക്രമണത്തിന് പിന്നിലെ ശക്തികളെ ഇമ്രാൻ ഖാൻ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന് വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇമ്രാൻ ഖാന്റെ പ്രതികരണം.
Read Also : പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭാ സുരക്ഷാസമിതി
അതേസമയം, പാക്കിസ്ഥാൻ ഒരു അണുബോംബ് പ്രയോഗിച്ചാൽ ഇന്ത്യ 20 എണ്ണം തിരിച്ചയച്ച് നമ്മളെ ഇല്ലാതാക്കിക്കളയുമെന്ന് മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫ് പറഞ്ഞു. യുഎഇയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ-പാക് ബന്ധം അപകടകരമായ അവസ്ഥയിലാണുള്ളതെന്നും മുഷറഫ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here