രാഹുൽ ഗാന്ധി അമേഠിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. ഗൗരിഗഞ്ചിൽ നിന്നും മൂന്ന് കിലോമീറ്റർ ദൂരം റോഡ് ഷോയായി എത്തിയാണ് രാഹുൽ പത്രിക സമർപ്പിച്ചത്. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, റോബർട്ട് വദ്ര എന്നിവർ പത്രികാ സമർപ്പണത്തിന് രാഹുലിനൊപ്പം എത്തിയിരുന്നു.

സിറ്റിങ് മണ്ഡലമായ അമേഠിയിൽ നിന്നും രാഹുൽ ഓടിയൊളിക്കാൻ ശ്രമിക്കുന്നുവെന്ന എതിരാളികളുടെ ആരോപണങ്ങൾക്കിടെയാണ് രാഹുൽ ഗാന്ധി ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചത്.കളക്ട്രേറ്റിൽ നിന്നും 3 കിലോമീറ്റർ അകലെ ഗൗരി ഗഞ്ചിൽ നിന്നുമാണ് രാഹുലിന്റെ റോഡ് ഷോ ആരംഭിച്ചത്. രണ്ട് മണിക്കൂർ നീണ്ടു നിന്ന റോഡ് ഷോ കോൺഗ്രസിന്റെ ശക്തിപ്രകടനമായി.

അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഇത്തവണയും രാഹുലിന്റെ എതിരാളി. 2014ൽ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു രാഹുലിന്റെ ജയം. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുലിന്റെ ഭൂരിപക്ഷം 3 ലക്ഷത്തിൽ നിന്നും ഒരു ലക്ഷത്തിലെത്തിയത് കോൺഗ്രസിനെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. അഞ്ചാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന അമേഠിയിൽ മെയ് ആറിനാണ് വോട്ടെടുപ്പ് നടക്കുക. അമേഠിയ്ക്ക് പുറമേ ഇത്തവണ വയനാട്ടിൽ കൂടി രാഹുൽ ഗാന്ധി മത്സരിക്കുന്നുണ്ട്. വയനാട്ടിൽ മത്സരിക്കുന്നതിനായി ഏപ്രിൽ നാലിന് രാഹുൽ ഗാന്ധി വയനാട്ടിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top