രാഹുല്‍ ഗാന്ധിയുടെ തലയില്‍ പതിച്ചത് മൊബൈല്‍ ഫോണില്‍ നിന്നുള്ള വെളിച്ചമെന്ന് ആഭ്യന്തര മന്ത്രാലയം

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് വധഭീഷണിയുണ്ടെന്ന കോണ്‍ഗ്രസിന്റെ പരാതി തള്ളി ആഭ്യന്തര മന്ത്രാലയം. സുരക്ഷാ ഭീഷണി ഉണ്ടായിട്ടില്ലെന്ന് എസ്പിജി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു. രാഹുലിന്റെ തലയില്‍ പതിച്ച പച്ച വെളിച്ചം എഐസിസി ഫോട്ടോഗ്രാഫറുടെ മൊബൈല്‍ ഫോണില്‍ നിന്ന് വന്നതാണെന്നും എസ്പിജി ഡയറക്ടര്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.

വീഡിയോ പരിശോധിച്ച ശേഷമാണ് എസ്പിജി ഇക്കാര്യം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത്. സുരക്ഷാ ഭീഷണി ഇല്ലെന്ന് എസ്പിജി ഡയറക്ടര്‍ സ്ഥിരീകരിച്ചതായി മന്ത്രാലയം പറഞ്ഞു.ഇതുവരെ കോണ്‍ഗ്രസിന്റെ പരാതി ലഭിച്ചിട്ടില്ലെന്നു പുറത്തു വന്ന വീഡിയോവെച്ചാണ് പരിശോധന നടത്തിയതെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.

രാഹുല്‍ ഗാന്ധിയെ ലേസര്‍ തോക്ക് ഉപയോഗിച്ച് അപായപ്പെടുത്താന്‍ ശ്രമം നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം അമേഠിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി നല്‍കിയെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

Read more:രാഹുൽ ഗാന്ധിയെ ലേസർ തോക്ക് ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമം നടന്നതായി കോൺഗ്രസ്

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ലേസര്‍ തോക്കിന്റേതിന് സമാനമായ പച്ച ലേസര്‍ രശ്മികള്‍ രാഹുലിന്റെ ദേഹത്തു പതിച്ചെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണം. ഇത്തരത്തില്‍ ഏഴു തവണ ലേസര്‍ രശ്മികള്‍ രാഹുല്‍ ഗാന്ധിയുടെ തലയില്‍ പതിച്ചുവെന്നും ആഭ്യന്തര മന്ത്രിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ എന്തെങ്കിലും വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്നും സുരക്ഷ ശക്തമാക്കാന്‍ നടപടിയെടുക്കണമെന്നും ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top