ശശി തരൂരിന്റെ പരാതിയില്‍ എഐസിസി നടപടി; കര്‍ഷക കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോളയെ നിരീക്ഷകനായി നിയോഗിച്ചു

മുതിര്‍ന്ന നേതാക്കള്‍ പ്രചാരണത്തിനിറങ്ങുന്നില്ലെന്ന തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ പരാതിയില്‍ എഐസിസി നടപടി. തിരുവനന്തപുരത്തെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക നിരീക്ഷകനെ എഐസിസി നിയോഗിച്ചു. കര്‍ഷക കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോളയെ ആണ് നിരീക്ഷകനായി നിയോഗിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നിയമനം. നാന പട്ടോള ഉടന്‍ തിരുവനന്തപുരത്ത് എത്തും. മഹാരാഷ്ട്രയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് നാന പട്ടോള. കര്‍ഷക കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയാണ് അദ്ദേഹം.
നാഗ്പൂരില്‍ നിതിന്‍ ഗഡ്കരിക്കെതിരെ പട്ടോളെ മത്സരിച്ചിരുന്നു.

മുതിര്‍ന്ന നേതാക്കള്‍ പ്രചാരണ രംഗത്തു നിന്നും വിട്ടുനില്‍ക്കുന്നുവെന്ന ആരോപണവുമായി ശശി തരൂര്‍ ഉള്‍പ്പെടെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ രംഗത്തുവന്നിരുന്നു. ശശി തരൂരിനെ കൂടാതെ കോഴിക്കോട് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍, പാലക്കാട് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍, വടകരയിലെ സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയായിരുന്നു പ്രധാനമായും പരാതി ഉയര്‍ന്നിരുന്നത്. ശശി തരൂര്‍ പരാജയപ്പെട്ടാല്‍ പ്രചാരണ ചുമതലയുള്ള നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കെപിസിസി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top