കിം ജോങ്ങ് നാം കൊലപാതകം; കൊലകുറ്റം ചുമത്തപ്പെട്ട ഡോവൻ തി ഹുവോങ്ങ് മെയ് മൂന്നിന് ജയിൽ മോചിതയാകും

കിം ജോങ്ങ് നാമിന്റെ കൊലകുറ്റം ചുമത്തപ്പെട്ട ഡോവൻ തി ഹുവോങ്ങ് മെയ് മൂന്നിന് ജയിൽ മോചിതയാകും. കിം ജോങ്ങ് ഉന്നിന്റെ അർദ്ധസഹോദരനായ നാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് യുവതികളെ അറസ്റ്റ് ചെയതിരുന്നു.അതിലൊരാളായ സീതി ഐസ്യ കഴിഞ്ഞ മാസം പുറത്തിറങ്ങി.

2017 ഫെബ്രുവരിയിലാണ് മലേഷ്യയിലെ ക്വാലാലംപൂർ വിമാനത്താവളത്തിൽവച്ച് കിം ജോങ്ങ് നാം കൊല്ലപ്പെടുന്നത്.നാമിന്റെ മരണവുമായി ബന്ധപ്പെട്ട് വിയറ്റ്‌നാം സ്വദേശി ഡോവൻ തി ഹുവോങ്ങ്,ഇന്തോനേഷ്യൻ സ്വദേശി സീതി ഐസ്യ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. നെർവ് ഏജന്റ് വിഎക്‌സ് മുഖത്ത് പുരട്ടിയതായിരുന്നു മരണകാരണം.എന്നാൽ റിയാലിറ്റി ഷോയുടെ ഭാഗമാണെന്ന് ഉത്തരകൊറിയയിലെ ആളുകൾ വിശ്വസിപ്പിച്ചതിനാലാണ് അങ്ങനെ ചെയ്തതെന്ന് ഇരുവരും വാദിച്ചു.രണ്ടു വർഷത്തെ ജയിൽ വാസത്തിനുശേഷം ഇന്തോനേഷ്യൻ സർക്കാരിന്റെ നിരന്തര സമ്മർദ്ദത്തെ തുടർന്ന് കഴിഞ്ഞ മാസം സീതി ഐസ്യ ജയിൽമോചിതയായി.

എന്നാൽ ഡോവൻ തി ഹുവോങ്ങിനെ മോചനം ലഭിച്ചിരുന്നില്ല. നിരന്തരമുള്ള നിയമപോരാട്ടത്തിനും വിയറ്റ്‌നാമിന്റെ ഇടപെടലിനും ഒടുവിലാണ് ഹുവോങ്ങ് ജയിൽമോചിതയാകുന്നത്.തീർച്ചയായും ഹുവോങ്ങ് ഈ സ്വാതന്ത്ര്യം അർഹിക്കുന്നുണ്ടെന്നും .നീണ്ട ജയിൽവാസത്തിനു ശേഷം ഉടൻതന്നെ അവൾ ബന്ധുക്കളുടെ അരികിലെത്തുമെന്നും ഹുവോങ്ങിന്റെ അഭിഭാഷകൻ സലീം ബഷീർ പറഞ്ഞു.അതേസമയം, നാമിന്റെ കൊലപാതകത്തിൽ നാലു ഉത്തര കൊറിയക്കാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്റർപോൾ ഇവർക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരിക്കുകയാണ് .എന്നാൽ കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണം ഉത്തര കൊറിയ നിരന്തരം നിഷേധിക്കുകയാണ്.

Top