ജയ്പുർ റൂറലിൽ ഒളിമ്പ്യൻമാരുടെ പോരാട്ടം

രാജ്യം വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിന്റെ തിരക്കിലായിക്കഴിഞ്ഞു. രാജ്യത്ത് പ്രധാന നേതാക്കൾ തമ്മിൽ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങൾ നിരവധിയാണ്.വാഴുന്നവരും വീഴുന്നവരും വാർത്തകളിൽ നിറയുന്ന അത്തരം മണ്ഡലങ്ങളെ അടുത്തറിയാം…
രാജസ്ഥാനിലെ ജയ്പുർ റൂറൽ ലോക്സഭാ മണ്ഡലത്തിൽ ഇത്തവണ ഒളിമ്പ്യൻമാർ തമ്മിലാണ് പോരാട്ടം. കേന്ദ്ര കായികമന്ത്രിയും നിലവിലെ എംപിയുമായ രാജ്യവർധൻ സിങ് റാത്തോഡ് തന്നെയാണ് ഇത്തവണയും ബിജെപിയുടെ സ്ഥാനാർത്ഥി.
Read Also; മക്കൾ രാഷ്ട്രീയത്തിനൊപ്പം നിൽക്കുമോ മാണ്ഡ്യയുടെ മനസ്സ് ?
2009 ൽ രൂപീകൃതമായ ജയ്പുർ റൂറൽ മണ്ഡലത്തിന് രണ്ട് തെരഞ്ഞെടുപ്പുകളുടെ മാത്രം ചരിത്രമേയുള്ളൂ. 2009 ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ലാൽചന്ദ് കഠാരിയയ്ക്കായിരുന്നു ജയം. ബിജെപിയിലെ റാവു രാജേന്ദ്രസിംഗിനെതിരെ 52,237 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഠാരിയ ലോക്സഭയിലെത്തിയത്. എന്നാൽ 2014 ൽ ബിജെപി കരുത്തനായ സ്ഥാനാർത്ഥിയെ തന്നെ ഇവിടെയിറക്കി. ഷൂട്ടിങ് താരവും 2004 ലെ ഏതൻസ് ഒളിമ്പിക്സിൽ വെള്ളി മെഡൽ ജേതാവുമായ രാജ്യവർധൻ സിങ് റാത്തോഡാണ് താമരചിഹ്നത്തിൽ മത്സരിച്ചത്.
ബിജെപിയുടെ ഉന്നം ഒട്ടും തെറ്റിയില്ലെന്ന് തെളിയിക്കുന്നതായിരുന്നു മത്സരഫലം. കോൺഗ്രസ് സ്ഥാനാർത്ഥി ഡോ.സി.പി ജോഷിയെ മൂന്ന് ലക്ഷത്തി മുപ്പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റാത്തോഡ് മറികടന്നത്. ആകെ പോൾ ചെയ്ത വോട്ടുകളുടെ 75 ശതമാനത്തോളം നേടിയായിരുന്നു റാത്തോഡിന്റെ രാജകീയ ജയം. കന്നിയവസരത്തിൽ തന്നെ റാത്തോഡ് കേന്ദ്രമന്ത്രിസഭയിലെത്തുകയും ചെയ്തു.
ആദ്യം വാർത്താവിതരണ മന്ത്രിയായി സേവനമനുഷ്ഠിച്ച ഇദ്ദേഹം പിന്നീടാണ് സ്പോർട്സ്-യുവജനക്ഷേമ വകുപ്പിന്റെ ചുമതലയിലേക്കെത്തിയത്. ഇന്ന് മോദി മന്ത്രിസഭയിൽ ഏറെ തിളങ്ങിനിൽക്കുന്ന മുഖങ്ങളിലൊന്ന് കൂടിയാണ് രാജ്യവർധൻ സിങ് റാത്തോഡ്. ഇത്തവണയും ഭൂരിപക്ഷം നിലനിർത്താനുറച്ച് തന്നെയാണ് റാത്തോഡ് തെരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്നത്.
ജാതി സമവാക്യങ്ങളിൽ ഒരുങ്ങുന്ന അട്ടിമറി സാധ്യതകൾ ഒട്ടും തള്ളാനാവാത്ത ജയ്പുർ റൂറലിൽ ജാട്ട് സമുദായത്തിന് ഏറെ സ്വാധീനമുണ്ട്. മണ്ഡലത്തിലെ വോട്ടർമാരിൽ ഭൂരിഭാഗവും കൃഷിയും കന്നുകാലി വളർത്തലും ഉപജീവന മാർഗ്ഗമാക്കിയവരാണ്. കടുകും റാഗിയും ഗോതമ്പുമെല്ലാം വിളയുന്ന ഇവിടെ കർഷകപ്രശ്നങ്ങൾ തന്നെയാകും തെരഞ്ഞെടുപ്പിൽ മുഖ്യ ചർച്ചാ വിഷയമാകുക.
Read Also; രാംപൂരിൽ കണക്കുകൾ തീർക്കാനുള്ള പോരാട്ടം
ഒരു വർഷം മുമ്പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനമാകെ അലയടിച്ച കർഷക രോഷവും ഭരണവിരുദ്ധ വികാരവും ബിജെപി സർക്കാരിനെ താഴെയിറക്കിയിരുന്നു. പുതിയതായി എത്തിയ കോൺഗ്രസ് സർക്കാർ കർഷകരുടെ കടം എഴുതിത്തള്ളൽ ഉൾപ്പെടെയുള്ള ജനപ്രിയ നടപടികളിലൂടെ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ പിങ്ക് സിറ്റിയുടെ മനസ്സ് ഇത്തവണ ആരുടെ പക്ഷത്ത് നിൽക്കുമെന്നത് പ്രവചനാതീതമാണ്.
കേന്ദ്രമന്ത്രിയെന്ന നിലയിൽ റാത്തോഡിനുള്ള സ്വീകാര്യതയും ജനപിന്തുണയും മറികടക്കണമെങ്കിൽ ഒത്ത എതിരാളി വേണമെന്ന നിർബന്ധമാണ് കോൺഗ്രസിനെ കൃഷ്ണ പൂനിയയിലേക്കെത്തിച്ചത്. 2010 കോമൺവെൽത്ത് ഗെയിംസിൽ ഡിസ്കസ് ത്രോയിൽ സ്വർണം നേടിയ കൃഷ്ണ ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ വനിതാ താരവുമായിരുന്നു. മൂന്ന് ഒളിമ്പിക്സുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുമുണ്ട്. നിലവിൽ സാദുൽപുർ നിയമസഭാ മണ്ഡലത്തിലെ എംഎൽഎ കൂടിയായ കൃഷ്ണ പൂനിയയ്ക്കുള്ള ജനകീയ മുഖവും കൂടി ചേരുമ്പോൾ റാത്തോഡിനോട് ഏറ്റുമുട്ടാൻ കോൺഗ്രസിന് ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥി തന്നെയാണെന്നതിൽ സംശയമില്ല.സംസ്ഥാനത്ത് ഭരണം സ്വന്തമാക്കിയതോടെ പൊതുവേയുള്ള സാഹചര്യങ്ങൾ കോൺഗ്രസിന് അനുകൂലമാണ്.
കായികരംഗത്തെ തിളക്കത്തിൽ നിന്നും 2013 ലാണ് കൃഷ്ണ പൂനിയ രാഷ്ട്രീയ രംഗത്തേക്കിറങ്ങുന്നത്. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സാദുൽപുരിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.എന്നാൽ കോൺഗ്രസ് അനുകൂലതരംഗമുണ്ടായ 2018 ലെ തെരഞ്ഞെടുപ്പിൽ ഇരുപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കൃഷ്ണ പൂനിയ നിയമസഭയിലെത്തി. ഈ വിജയത്തിന്റെ ചൂടാറും മുമ്പാണ് അതിലും വലിയൊരു ദൗത്യം പാർട്ടി ഇവരെ ഏൽപ്പിച്ചിരിക്കുന്നത്. ജൻമം കൊണ്ട് ഹരിയാനക്കാരിയാണെങ്കിലും രാജസ്ഥാന്റെ മരുമകളാണ് കൃഷ്ണ. ഹരിയാനയിലെ ഹിസാർ ജില്ലയിൽ നിന്നുമാണ് വിവാഹം കഴിച്ച് ഇവർ രാജസ്ഥാനിലെ ചുരു ജില്ലയിലേക്കെത്തിയത്. ജാട്ട് വിഭാഗക്കാരിയാണെന്നതും മണ്ഡലത്തിൽ കൃഷ്ണ പൂനിയയ്ക്ക് ഏറെ മേൽകൈ നൽകുന്നുണ്ട്.
Read Also; കോൺഗ്രസിനെ ഹൃദയത്തിലേറ്റിയ അമേഠി; ഇത്തവണ പോരാട്ടം ഒപ്പത്തിനൊപ്പം
കായികതാരം, സൈനിക ഉദ്യോഗസ്ഥൻ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച ശേഷമായിരുന്നു രാജ്യവർധൻ സിങ് റാത്തോഡിന്റെ രാഷ്ട്രീയ പ്രവേശനം. ആദ്യ മത്സരത്തിൽ തന്നെ ജയവും കേന്ദ്രമന്ത്രി സ്ഥാനവും നേടാനായത് രാഷ്ട്രീയ ഗ്രാഫിൽ റാത്തോഡിനെ ഏറെ മുന്നിലെത്തിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല. കേന്ദ്രമന്ത്രിയെന്ന നിലയിലുളള മികച്ച പ്രകടനവും എല്ലാവിഭാഗം ജനങ്ങൾക്കുമിടയിലുള്ള സ്വീകാര്യതയുമാണ് റാത്തോഡിന്റെ അനുകൂലഘടകങ്ങൾ. കഴിഞ്ഞ തവണത്തെ വൻഭൂരിപക്ഷം തകർത്തൊരു അട്ടിമറിയ്ക്ക് പറ്റുന്ന വിഷയങ്ങളൊന്നും മണ്ഡലത്തിൽ ഇല്ലെന്നും ബിജെപി വിശ്വസിക്കുന്നു.
ഇതിനെല്ലാം പുറമേ പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന രാജസ്ഥാൻ മണ്ണിൽ രജപുത്രരുടെ ഉറച്ച പിന്തുണയും ഈ വിഭാഗത്തിൽ നിന്നുള്ള റാത്തോഡിന് പ്രതീക്ഷിക്കാം. സംസ്ഥാനത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട തോൽവി വസുന്ധര രാജെ സിന്ധ്യയുടെ സർക്കാരിനെതിരെയുള്ള വിധിയെഴുത്തായി മാത്രം കാണാനാണ് ബിജെപിക്ക് താൽപര്യം. അതിനാൽ തന്നെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ അനായാസ വിജയം തന്നെയാണ് ബിജെപി ലക്ഷ്യമിടുന്നതും.
കായികരംഗത്തും രാഷ്ട്രീയത്തിലും ഒരേ പോലെ പയറ്റിത്തെളിഞ്ഞെത്തിയവർ ഇത്തവണ കളത്തിലിറങ്ങുമ്പോൾ ജയ്പുർ റൂറലിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ തീ പാറുമെന്നുറപ്പാണ്.കായികരംഗത്ത് വലിയ ദൂരങ്ങളെ പിന്തള്ളി ലക്ഷ്യം മറികടന്നിട്ടുള്ള സ്ഥാനാർത്ഥികളിൽ ഇത്തവണ സ്വർണമണിയാൻ പോകുന്നത് ആരെന്നറിയാൻ കാത്തിരിക്കാം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാന പോരാട്ടങ്ങൾ നടക്കുന്ന മണ്ഡലങ്ങളെ അടുത്തറിയാനുള്ള തെരഞ്ഞെടുപ്പ് പംക്തി- ‘രാജ്യം ഉറ്റു നോക്കുന്ന മണ്ഡലങ്ങളിലൂടെ’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here