കേരളം കാല്പന്തിനെ പുണരുന്നു; സംസ്ഥാനത്ത് 40 സ്റ്റേഡിയങ്ങൾ നിർമ്മിക്കാൻ ധാരണ

സംസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടു കൂടിയ 40 സ്റ്റേഡിയങ്ങൾ നിർമ്മിക്കാൻ കായികവകുപ്പ് ഒരുങ്ങുന്നു. ഗ്യാലറിയും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തി നിലവിലുള്ള സ്റ്റേഡിയങ്ങളെ നവീകരിക്കുന്നതുൾപ്പെടെയുള്ള കണക്കാണിത്. മൈതാനങ്ങളിലെ പ്രതലം നവീകരിക്കുന്നതിനു പകരം മൾട്ടി പർപ്പസ് സ്റ്റേഡിയം നിർമിക്കാനാണ് കായിക വകുപ്പിൻ്റെ ലക്ഷ്യം.
സിന്തറ്റിക്ക് ട്രാക്ക്, ബാസ്ക്കറ്റ് ബോൾ, വോളിബോൾ കോർട്ട്, ബാഡ്മിൻ്റൺ കോർട്ട്, നീന്തൽക്കുളം, ഹോസ്റ്റൽ, ഡ്രസ്സിംഗ് റൂം, ജിം തുടങ്ങി അത്യാധുനിക സൗകര്യങ്ങളാവും സ്റ്റേഡിയങ്ങളിൽ ഉണ്ടാവുക. ലക്ഷ്യത്തിലേക്കുള്ള നാല്പത് മൈതാനങ്ങളിൽ നാലെണ്ണത്തിൻ്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. എറണാകുളത്ത് പനമ്പിള്ളി നഗർ, ഫോർട്ട് കൊച്ചി, പാലാ മുനിസിപ്പൽ സ്റ്റേഡിയം, തലശേരി മുനിസിപ്പൽ സ്റ്റേഡിയം എന്നിവയുടെ നിർമ്മാണമാണമാണ് പൂർത്തിയായത്. 24 സ്റ്റേഡിയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ശേഷിക്കുന്നവയുടെ നിർമ്മാണം ഉടനെ ആരംഭിക്കാനും ധാരണയായിട്ടുണ്ട്.
30 സ്റ്റേഡിയങ്ങൾ കിഫ്ബിയാവും നിർമ്മിക്കുക. ഇതിൽ ആകെ 19 എണ്ണം ഇലവൻസ് മൈതാനങ്ങളും ബാക്കി സെവൻസ് മത്സരങ്ങൾക്കനുകൂലമായ മൈതാനങ്ങളാവും. ഇലവൻസ് സ്റ്റേഡിയങ്ങൾക്ക് ഗ്യാലറി ഉണ്ടാവും. ഗ്യാലറിയുടെ ഭാഗമായ കടമുറികൾ വാടകയ്ക്ക് നൽകി ലഭിക്കുന്ന പണം സ്റ്റേഡിയത്തിൻ്റെ പരിപാലന ചെലവുകൾക്ക് ഉപയോഗിക്കാം.