ഹൈദരാബാദില്‍ അംബേദ്ക്കറുടെ പ്രതിമ തകര്‍ത്ത് മാലിന്യക്കൂമ്പാരത്തില്‍ തള്ളി; അന്വേഷണത്തിന് ഉത്തരവ്

ബിആര്‍ അംബേദ്ക്കറിന്റെ പ്രതിമ തകര്‍ത്ത് മാലിന്യക്കൂമ്പാരത്തില്‍ തള്ളിയ സംഭവത്തില്‍ അന്വേഷത്തിന് ഉത്തരവിട്ടു. അംബേദ്ക്കര്‍ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഹൈദരാബാദ് സെന്‍ട്രല്‍ മാളിന് സമീപം പ്രതിഷ്ഠിക്കാന്‍ തയ്യാറാക്കിയ അംബേദ്ക്കറിന്റെ പ്രതിമയാണ് തകര്‍ത്തനിലയില്‍ മാലിന്യക്കൂമ്പാരത്തില്‍ കണ്ടത്തിയത്.

ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കാണ് പ്രതിമ പ്രതിഷ്ഠിക്കുന്നതിനായി ജയ് ഭീം സൊസൈറ്റി പ്രവര്‍ത്തകര്‍ മാളിന് സമീപം എത്തിയത്. എന്നാല്‍ മാളിന് സമീപം എത്തിയ പ്രവര്‍ത്തകരെ പ്രതിമ സ്ഥാപിക്കുന്നതില്‍നിന്ന് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു. പ്രതിമ സ്ഥാപിക്കുന്നതിന് അനുവാദമില്ലെന്നു കാണിച്ചാണ് പ്രവര്‍ത്തകരെ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. അനുവാദം വാങ്ങിയിട്ടാണ് എത്തിയതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ പ്രതിമ സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. കൂടാതെ പുലര്‍ച്ചെ നാല് മണി വരെ പ്രതിമ പിടിച്ചുവെയ്ക്കുകയും ചെയ്തു. പിന്നീട് കോഡ്‌ല വിജയ ഭാസ്‌ക്കര്‍ റെഡ്ഡി സ്റ്റേഡിയത്തിലേക്ക് ഉദ്യോഗസ്ഥര്‍ പ്രതിമ കയറ്റി അയച്ചു. തെലങ്കാന ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇവിഎം യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്നതിനാല്‍ സ്റ്റേഡിയത്തില്‍ പ്രതിമ സൂക്ഷിക്കാനാകില്ലായിരുന്നു. അവിടെനിന്ന് പ്രതിമ കോര്‍പ്പറേഷന്‍ യാര്‍ഡിലേക്കും തുടര്‍ന്ന് ജവഹര്‍ നഗറിലേക്കും മാറ്റി. മാലിന്യം ശേഖരിക്കുന്ന ട്രക്കിലാണ് പ്രതിമ കൊണ്ടുപോയത്. നഗരത്തിലെ മാലിന്യങ്ങള്‍ തള്ളുന്ന പ്രധാന പ്രദേശമാണ് ജവഹര്‍ നഗര്‍.

ഇതിനെതിരെ നിരവധി ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തെലങ്കാനയിലെ കീസാരയില്‍ എത്തിയ പ്രതിഷേധക്കാര്‍ പ്രതിമ ജവഹര്‍ നഗറിലേക്ക് മാറ്റുന്നത് തടഞ്ഞു. തുടര്‍ന്നാണ് പ്രതിമ തകര്‍ന്നത് പ്രതിഷേധക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേച്ചൊല്ലി പ്രതിഷേധക്കാറും ഉദ്യോഗസ്ഥരും വാക്കേറ്റമുണ്ടായി. പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മുനിസിപ്പല്‍ കമ്മീഷണര്‍ എം ദാന കിഷോര്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top