ക്രിസ് ലിന്നിന്റെ വെടിക്കെട്ടിന് താഹിറിന്റെ മറുപടി; കൊൽക്കത്തയെ തളച്ച് ചെന്നൈ

ഓപ്പണർ ക്രിസ് ലിന്നിൻ്റെ തകർപ്പൻ ബാറ്റിംഗിന് നാലു വിക്കറ്റുമായി ഇമ്രാൻ താഹിർ തിരിച്ചടിച്ചതോടെ ചെന്നൈക്ക് 162 റൺസ് എന്ന കുറഞ്ഞ വിജയലക്ഷ്യം. 4 ഓവറിൽ 27 റൺസ് മാത്രം വഴങ്ങിയായിരുന്നു താഹിറിൻ്റെ പ്രകടനം. ഇതോടെ ഏറ്റവും വിക്കറ്റെടുത്തവരുടെ ലിസ്റ്റിൽ ഒന്നാമതെത്താനും താഹിറിന് സാധിച്ചു. ക്രിസ് ലിൻ, നിധീഷ് റാണ, റോബിൻ ഉത്തപ്പ, ആന്ദ്രേ റസ്സൽ എന്നിവരുടെ വിക്കറ്റുകളാണ് താഹിർ വീഴ്ത്തിയത്. രണ്ടു വിക്കറ്റ് വീഴ്ത്തിയ ശർദ്ദുൽ താക്കൂർ, ഒരു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സാൻ്റ്നർ എന്നിവരും ചെന്നൈക്ക് വേണ്ടി തിളങ്ങി.
ക്രിസ് ലിന്നിൻ്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു കൊൽക്കത്ത ഇന്നിംഗ്സിൻ്റെ കരുത്ത്. 82 റൺസെടുത്ത ലിൻ 15ആം ഓവറിലാണ് പുറത്തായത്. സുനിൽ നരേനെ വിദഗ്ധമായി തളച്ച ചെന്നൈ ബൗളർമാർ സ്കോറിംഗ് നിരക്ക് ഒരു പരിധി വരെ പിടിച്ചു നിർത്തി. നരേന് കൂറ്റനടികൾക്ക് അവസരം നൽകാതെ ക്രീസിൽ തന്നെ തളച്ചിട്ടതോടെ സ്കോറിംഗ് ചുമതല ലിന്നിൽ മാത്രമായി ഇന്നിംഗ്സിൻ്റെ അഞ്ചാം ഓവറിൽ സാൻ്റ്നർക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോൾ ഏഴ് പന്തുകളിൽ വെറും രണ്ട് റൺസ് മാത്രമായിരുന്നു നരേൻ്റെ സംഭാവന.
ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടി എത്തിയ നിധീഷ് റാണ മികച്ച നിലയിലാണ് തുടങ്ങിയതെങ്കിലും 11ആം ഓവറിൽ താഹിറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 18 പന്തുകളിൽ 3 ബൗണ്ടറികളോടെ 21 റൺസ് മാത്രമായിരുന്നു റാണയുടെ സമ്പാദ്യം. ആ ഓവറിൽ തന്നെ നേരിട്ട ആദ്യ പന്തിൽ താഹിറിനെ ഉയർത്തി അടിക്കാനുള്ള ശ്രമം ഡുപ്ലെസിസിൻ്റെ കൈകളിൽ അവസാനിച്ചതോടെ കൊൽക്കത്ത അപകടം മണത്തു. രവീന്ദ്ര ജഡേജയുടെ ഒരു ഓവറിൽ ക്രിസ് ലിൻ അടിച്ച 3 സിക്സറുകളടക്കം 23 റൺസെടുത്ത കൊൽക്കത്ത മത്സരത്തിലേക്ക് തിരികെ വന്നുവെങ്കിലും തൊട്ടടുത്ത ഓവറിൽ ലിന്നിനെ പുറത്താക്കി വീണ്ടും താഹിർ കൊൽക്കത്തയെ അപകടത്തിലേക്ക് തള്ളി വിട്ടു. 51 പന്തുകളിൽ നിന്നും ഏഴ് ബൗണ്ടറികളും 6 സിക്സറുകളും സഹിതം 82 റൺസെടുത്ത ക്രിസ് ലിൻ താഹിറിനെ ഉയർത്തി അടിക്കാനുള്ള ശ്രമത്തിനിടെ പുറത്താവുകയായിരുന്നു. ആ ഓവറിൽ ഒരു ബൗണ്ടറിയും സിക്സറും സഹിതം സ്കോറിംഗ് ആരംഭിച്ച ക്രിസ് ഗെയിലിനെയും താഹിർ പുറത്താക്കിയതോടെ കൊൽക്കത്തയുടെ പതനം പൂർത്തിയായി.
തുടർന്ന് ക്രീസിലെത്തിയ ആർക്കും മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കാതെ വന്നതോടെ കൊൽക്കത്തയുടെ സ്കോർ 8 വിക്കറ്റിന് 161 റൺസിലൊതുങ്ങി. അവസാന മൂന്നോവറിൽ വെറും 12 റൺസ് മാത്രമാണ് കൊൽക്കത്തയ്ക്ക് സ്കോർ ചെയ്യാൻ സാധിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here