തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് സജ്ജമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് സജ്ജമായിക്കഴിഞ്ഞുവെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍.ആദ്യഘട്ടം മുതല്‍ പ്രചരണ രംഗത്ത് എല്‍ഡിഎഫിന് തന്നെയാണ് മുന്‍ കൈ എന്നും ഇത്‌ ഇപ്പോഴും നിലനിര്‍ത്തുന്നുവെന്നും കോടിയേരി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ബിജെപിയ്ക്കായില്ല. ഈ തെരഞ്ഞടുപ്പിലും ബിജെപിയുടേത് സങ്കല്‍പ്പങ്ങള്‍ മാത്രമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങളിലും കഴമ്പില്ല, മറിച്ച് എല്‍ഡിഎഫ് ഗവണ്‍മെന്റ് നടപ്പാക്കിയ വാഗ്ദാനങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ടെന്നും നിലവില്‍ കേരളത്തിലൊരിടത്തും ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുന്നില്ലെന്നും എല്‍ഡിഎഫ് സര്‍ക്കാറിന്റെ ജനക്ഷേമ പരിപാടികളുടെ നേട്ടം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും കോടിയേരി പറഞ്ഞു.

മാത്രമല്ല, ആര്‍എസ്എസ് മത നിരപേക്ഷത നയം തകര്‍ത്താല്‍ മാത്രമേ കേരളത്തില്‍ ലക്ഷ്യം കാണാന്‍ കഴിയൂ. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് വോട്ട് ലഭിച്ചതുകൊണ്ടു മാത്രമാണ് ആര്‍എസ്എസിന് നേമത്ത് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞതെന്നും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ വിഷലിപ്ത പ്രചരണമാണ് പ്രധാനമന്ത്രി നടത്തുന്നതെന്നും കോടിയേരി ആരോപിച്ചു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് പ്രധാനമന്ത്രി നടത്തുന്നത്. തെരെഞ്ഞെടുപ്പ് നിബന്ധനകളെ സര്‍ക്കാര്‍ നിബന്ധനകളാക്കി പ്രധാനമന്ത്രി വളച്ചൊടിക്കുകയാണ്. ദൈവത്തിന്റെ പേരില്‍ വോട്ടു തേടരുതെന്നത് തെരഞ്ഞടുപ്പ് കമ്മീഷന്‍ നിബന്ധനയാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ഭയപ്പെടുത്താനാണ് പ്രധാനമന്ത്രിയുടെ ശ്രമം.

ശബരിമല കര്‍മ്മ സമിതി യതാര്‍ത്ഥത്തില്‍ ആര്‍എസ്എസ് കര്‍മ്മ സമിതിയാണ്. ചിതാനന്ദപുരി സ്വാമിയല്ല ആര്‍എസ്എസു കാരനാണ്. ഇത്തരം സ്വാമിമാര്‍ക്ക് കേരളത്തില്‍ അവസരം നല്‍കണോ എന്നും കോടിയേരി ചോദിച്ചു.ശബരിമലയുടെ പേരില്‍ ആര്‍എസ്എസ് കലാപത്തിന് ശ്രമിച്ചു, എന്നാല്‍ സര്‍ക്കാര്‍ അത് തകര്‍ക്കുകയാണ് ചെയ്തതെന്നും കോടിയേരി പറഞ്ഞു. ശബരിമല സര്‍ക്കാറിനെതിരെയുള്ള തെരഞ്ഞെടുപ്പ് വിഷയമല്ല, കോടതി വിധി പരിശോധിക്കേണ്ട തെരഞ്ഞെടുപ്പല്ല ഇതെന്നും കോടിയേരി വ്യക്തമാക്കി.

ശബരിമലയിലെ ആര്‍എസ്എസിന്റെ നടപടികള്‍ നടവരവ് കുറച്ചെന്നും കോടിയേരി കുറ്റപ്പെടുത്തി.ഹിന്ദുത്വ വര്‍ഗ്ഗീയതയ്ക്കു മുന്നില്‍ കോണ്‍ഗ്രസ് പകച്ചു നില്‍ക്കുകയാണെന്നും വയനാട്ടില്‍ കണ്ടത് പാകിസ്ഥാന്‍ പതാകയല്ല ലീഗ് പതാകയാണെന്നും കോടിയേരി പറഞ്ഞു.  കോണ്‍ഗ്രസുകാര്‍ ബി ജെ പിയില്‍ ചേരുന്നത് വാര്‍ത്ത അല്ലാതായിമാറിയിരിക്കുന്നുവെന്നും ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം വര്‍ഗ്ഗീയ കലാപത്തിന് വഴിവെയ്ക്കുമെന്നും കോടിയേരി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top