സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ പാളിച്ചകളില്ല; എഐസിസി പൂര്‍ണ്ണ തൃപ്തരെന്ന് കെ സി വേണുഗോപാല്‍

സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രചാരണത്തില്‍ പാളിച്ചകളില്ലെന്ന് കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വിഷയത്തില്‍ എഐസിസി പൂര്‍ണ്ണ തൃപ്തരാണ്. ശശി തരൂര്‍ പരാതി നല്‍കിയിട്ടില്ല. പ്രത്യേക ശ്രദ്ധയ്ക്കാണ് തിരുവനന്തപുരത്ത് നിരീക്ഷകനെ നിയോഗിച്ചത്. 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലും നിരീക്ഷകരുണ്ടാകും. സര്‍വെ ഫലങ്ങളില്‍ പറയുന്നത് പോലെയല്ല, തിരുവനന്തപുരം യുഡിഎഫിന് വിജയം ഉറപ്പുള്ള മണ്ഡലമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
മുതിര്‍ന്ന നേതാക്കള്‍ പ്രചാരണത്തിനിറങ്ങുന്നില്ലെന്ന് കാണിച്ച് ശശി തരൂര്‍ ഹൈക്കമാന്‍ഡിന് ഉള്‍പ്പെടെ പരാതി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിഷയത്തില്‍ കെപിസിസി ഇടപെട്ടതായും വാര്‍ത്തകള്‍ പുറത്തുവന്നു. ഇതിന് പിന്നാലെ തിരുവനന്തപുരത്തെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക നിരീക്ഷകനെ എഐസിസി നിയോഗിച്ചു. കര്‍ഷക കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോളയെ ആണ് നിരീക്ഷകനായി നിയോഗിച്ചിരിക്കുന്നത്. കെ സി വേണുഗോപാലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പട്ടോളയുടെ നിയമനം. നാന പട്ടോള ഉടന്‍ കേരളത്തില്‍ എത്തുമെന്നാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here