ഇന്ന് ഓശാന പെരുന്നാള്‍; ക്രിസ്തുവിന്റെ ഓര്‍മ്മകള്‍ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍

യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന പെരുന്നാള്‍ ആചരിക്കുന്നു. പള്ളികളില്‍ ഇന്ന് പ്രത്യേക പ്രാര്‍ഥനകളും കുരുത്തോല പ്രദിക്ഷണവും നടന്നു. ഈസ്റ്ററിന് മുന്നോടിയായുള്ള വിശുദ്ധ വാരാചരണത്തിന്റെ തുടക്കമായാണ് ഓശാനപ്പെരുന്നാള്‍ ആചരിക്കുന്നത്.

യേശുക്രിസ്തുവിനെ ജനക്കൂട്ടം ഒലിവിന്‍ ചില്ലകളും ആര്‍പ്പ് വിളികളുമായി ഓശാന പാടി ജറുസലേമിലേക്ക് വരവേറ്റതിന്റൈ ഓര്‍മ പുതുക്കിയാണ് ക്രൈസ്തവ വിശ്വാസികള്‍ ഓശാന പെരുന്നാള്‍ ആചരിക്കുന്നത്. ക്രിസ്തുവിന്റെ പീഡാനുഭവം, കുരിശുമരണം, ഉത്ഥാനം എന്നിവയുടെ ഓര്‍മ പുതുക്കുന്ന വലിയ ആഴ്ചയ്ക്ക് ഇന്നത്തെ ഓശാന ആചരണത്തോടെ തുടക്കമായി.

നന്മയ്ക്ക് ഉപകരിക്കുന്ന സഭയിലെ മാറ്റങ്ങളെ സ്വീകരിക്കാന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശ്വാസികളോട് ആഹ്വാനം ചെയ്തു. രാജ്യത്ത് മികച്ച സര്‍ക്കാര്‍ അധികാരത്തിലേറാന്‍ പ്രാര്‍ഥിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

എറണാകുളം പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ ദേവാലയത്തില്‍ ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ എം സൂസേപാക്യം ഓശാന ദിന പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.

തിരുവനന്തപുരം ട്രിനിറ്റി മാര്‍ത്തോമ്മ പള്ളിയില്‍ മാര്‍ത്തോമ്മ സഭാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത പ്രാര്‍ഥനകള്‍ക്ക് നേതൃത്വം വഹിച്ചു. ഓശാനയ്ക്ക് പിന്നാലെ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കുന്ന പെസഹ, കുരിശ്ശുമരണത്തിന്റെ ദുഖവെള്ളി, ഉയിര്‍പ്പിന്റെ സ്മരണകളുമായുള്ള ഈസ്റ്റര്‍ ആചരണം എന്നിവയിലേക്ക് ക്രൈസ്തവ വിശ്വാസികള്‍ കടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top