ഭരണഘടനയെ തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പ്രിയങ്ക ഗാന്ധി

ഭരണഘടനയെ തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഭരണഘടന ഇപ്പോൾ മാനിക്കപ്പെടുന്നില്ലെന്നും ഭരണഘടനയെ നശിപ്പിക്കാൻ ശ്രമങ്ങൾ നടന്നെന്നും പ്രിയങ്ക ആരോപിച്ചു. ഭരണഘടനാ ശിൽപി ബി.ആർ. അംബേദ്കറിന്റെ സ്മരണ പുതുക്കുന്ന ദിനത്തിലായിരുന്നു പ്രിയങ്കയുടെ വിമർശനം.
ഇന്ന് മഹാപുരുഷൻ അംബേദ്കറിന്റെ ജന്മദിനമാണ്. ഭരണഘടനയിലൂടെ അദ്ദേഹമാണ് ഈ രാജ്യത്തിന് അടിത്തറ പാകിയത്. ഈ ഭരണഘടനയെ മാനിക്കുക എന്നത് എല്ലാ നേതാക്കളുടെയും ഉത്തരവാദിത്തമാണ്- പ്രിയങ്ക പറഞ്ഞു. വിവിധ സംസ്കാരങ്ങളെയും മതങ്ങളെയും ബിജെപി ബഹുമാനിക്കുന്നില്ലെന്നും അവർക്ക് ഭരണഘടനയോടു ബഹുമാനമില്ലെന്നും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയെ വിമർശിച്ച് പ്രിയങ്ക പറഞ്ഞു.
മോദിക്കു നേരെയും പ്രിയങ്ക വിമർശനങ്ങൾ ഉയർത്തി. അദ്ദേഹം അമേരിക്കയിൽ പോയി അവിടെ കെട്ടിപ്പിടിച്ചു. ചൈനയിൽ പോയി കെട്ടിപ്പിടിച്ചു. റഷ്യയിലും ആഫ്രിക്കയിലും പോയി കെട്ടിപ്പിടിച്ചു. ജപ്പാനിൽ പോയി ചെണ്ടകൊട്ടി. പാക്കിസ്ഥാനിൽ പോയി ബിരിയാണി കഴിച്ചു. എന്നാൽ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ഒരു കുടുംബത്തിന്റെ പോലും അവസ്ഥ അറിയാൻ മോദി പോയില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here