ബൗളർമാർ വരിഞ്ഞു മുറുക്കി; ക്യാപിറ്റൽസിനെതിരെ സൺ റൈസേഴ്സിന് 156 റൺസ് വിജയ ലക്ഷ്യം
മികച്ച രീതിയിൽ പന്തെറിഞ്ഞ ബൗളർമാർ ഡൽഹി ക്യാപിറ്റൽസിനെ വരിഞ്ഞു മുറുക്കിയതോടെ സൺ റൈസേഴ്സിന് 156 റൺസിൻ്റെ കുറഞ്ഞ വിജയ ലക്ഷ്യം. 40 റൺസെടുത്ത കോളിൻ മൺറോയും 45 റൺസെടുത്ത ശ്രേയാസ് അയ്യരും ഒഴികെ മറ്റാർക്കും മികച്ച സ്കോർ കണ്ടെത്താനായില്ല. സിദ്ധാർത്ഥ് കൗളിനു പകരം ടീമിലെത്തി മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയ പേസർ ഖലീൽ അഹമദാണ് ഡൽഹി ബാറ്റിംഗിനെ തകർത്തത്.
ഓപ്പണർമാരായ പൃഥ്വി ഷാ (4), ശിഖർ ധവാൻ (7) എന്നിവർ വളരെ പെട്ടെന്ന് പവലിയനിലേക്ക് മടങ്ങിയതോടെ ഡൽഹി ഒരു വലിയ തകർച്ച മുന്നിൽ കണ്ടു. തൻ്റെ ഒന്നാമത്തെയും രണ്ടാമത്തെയും ഓവറുകളിലാണ് ഖലീൽ അഹമദ് ഇരുവരെയും പുറത്താക്കിയത്. പിന്നീട് ക്രീസിലെത്തിയ കോളിൻ മൺറോയും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ തുടങ്ങി. മൺറോ തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തിയതോടെ സൺ റൈസേഴ്സ് ക്യാപ്റ്റൻ എട്ടാം ഓവറിൽ അഭിഷേക് ശർമ്മയുടെ കയ്യിൽ പന്തേല്പിച്ചു. ഓവറിൽ 10 റൺസ് വഴങ്ങിയെങ്കിലും മൺറോയുടെ വിലപ്പെട്ട വിക്കറ്റ് വീഴ്ത്തിയ അഭിഷേക് തൻ്റെ ഐപിഎൽ കരിയറിലെ ആദ്യ വിക്കറ്റ് കൂടിയാണ് സ്വന്തമാക്കിയത്. 24 പന്തുകളിൽ 4 ബൗണ്ടറികളും മൂന്ന് സിക്സറുകളും സഹിതം 40 റൺസെടുത്ത മൺറോ ശ്രേയസുമായി അർദ്ധസെഞ്ചുറി കൂട്ടുകെട്ടിന് ഒരു റണ്ണകലെ വെച്ചാണ് പുറത്തായത്.
ശേഷം വിക്കറ്റ് കീപ്പർ ഋഷഭ് പന്തുമായിച്ചേർന്ന് ഇന്നിംഗ്സ് മുന്നോട്ടു നീക്കാൻ ശ്രേയാസ് അയ്യർ ശ്രമിച്ചുവെങ്കിലും ബൗണ്ടറി വരൾച്ച അവരെ പിന്നോട്ടടിച്ചു. 40 പന്തുകളിൽ 5 ബൗണ്ടറികൾ സഹിതം 45 റൺസെടുത്ത ശ്രേയസിനെ 16ആം ഓവറിൽ ഭുവനേശ്വർ പുറത്താക്കുമ്പോൾ ഋഷഭ് പന്തുമായി ചേർന്ന് 56 റൺസിൻ്റെ കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും അതിന് 8 ഓവറുകൾ എടുത്തു എന്നത് സ്കോറിംഗിനെ ബാധിച്ചു. തൊട്ടടുത്ത ഓവറിൽ ഖലീൽ അഹമദിന് മൂന്നാം വിക്കറ്റ് സമ്മാനിച്ച് ഋഷഭ് പന്തും മടങ്ങി. 19 പന്തുകളിൽ മൂന്ന് ബൗണ്ടറികൾ സഹിതം 23 റൺസായിരുന്നു പന്തിൻ്റെ സമ്പാദ്യം. അവസാന ഓവറുകളിൽ കീമോ പോളും അക്സർ പട്ടേലും ചില കൂറ്റനടികളിലൂടെയാണ് ഡൽഹിയുടെ സ്കോർ 150 കടന്നത്. ഭുവനേശ്വർ എറിഞ്ഞ അവസാന ഓവറിൽ 13 റൺസ് സ്കോർ ചെയ്തതോടെ ഡൽഹി ഇന്നിംഗ്സ് 7 വിക്കറ്റ് നഷ്ടത്തിൽ 155ൽ അവസാനിച്ചു.
ഖലീൽ അഹമദിനൊപ്പം രണ്ട് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറും 4 ഓവറിൽ വെറും 22 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത റാഷിദ് ഖാനും സൺ റൈസേഴ്സ് നിരയിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here