ഗിൽ വീണ്ടും ഡൗൺ ഓർഡറിൽ; കാർത്തികിനെതിരെ ആഞ്ഞടിച്ച് മനോജ് തിവാരി

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ദിനേഷ് കാർത്തികിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ഡൽഹി ക്യാപിറ്റൽസിനെതിരെ ഉജ്ജ്വല അർദ്ധ സെഞ്ചുറി അടിച്ച യുവതാരത്തെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ വീണ്ടും ഡൗൺ ഓർഡറിൽ ഇറക്കിയ തീരുമാനത്തിനെതിരെയായിരുന്നു മുൻ കൊൽക്കത്ത താരം കൂടിയായ തിവാരി രംഗത്ത് വന്നത്. തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം.

‘ശുഭ്മൻ ഗിൽ ഈ കളി കളിക്കുന്നുണ്ടോ? ഓ, നാളെ ലോകകപ്പ് സെലക്ഷനാണെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. ഇത് ടീം ഗെയിമാണെന്ന് ആരു പറഞ്ഞു? ചിലപ്പോഴൊക്കെ അത് കണ്ണുകൾക്ക് തീർച്ചയായി അറിയാൻ കഴിയും.’ എന്ന് ഒരു ട്വീറ്റിലൂടെ വിമർശനമുന്നയിച്ച തിവാരി മറ്റൊരു ട്വീറ്റിലൂടെ വീണ്ടും കാർത്തികിനെതിരെ ആഞ്ഞടിച്ചു. ‘കഴിഞ്ഞ കളിയിൽ 65 റൺസിൻ്റെ ഒരു ക്ലാസി ഇന്നിംഗ്സ് ഒരാൾ കളിച്ചുവെങ്കിൽ, ഒരു ക്രിക്കറ്റ് ആരാധകൻ എന്ന നിലയിൽ, വിശേഷിച്ചും ടീം ഒരു കളി പരാജയപ്പെട്ടിരിക്കെ, ആ കളിക്കാരൻ അടുത്ത മത്സരത്തിൽ ടോപ്പ് ഓർഡറിൽ ബാറ്റു ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കും. വിദേശ കളിക്കാർക്ക് മുകളിൽ നമ്മുടെ പ്രാദേശിക കളിക്കാർക്ക് അവസരം നൽകി അവർക്ക് പ്ലാറ്റ്ഫോം ഒരുക്കുക എന്നതാണത്.”- തിവാരി തൻ്റെ അടുത്ത ട്വീറ്റിലൂടെ ആരോപിച്ചു.

ഓപ്പണർമാരായ ക്രിസ് ലിന്നും സുനിൽ നരേനും പരിക്കേറ്റ് കളിക്കാതിരുന്ന മത്സരത്തിലായിരുന്നു ശുഭ്മൻ ഗില്ലിൻ്റെ ബാറ്റിംഗ് പ്രകടനം. അന്ന് ജോ ഡെൻലിയോടൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ഗിൽ 39 പന്തുകളിൽ നിന്നും 65 റൺസെടുത്തിരുന്നു. ആ മത്സരം തോറ്റ കൊൽക്കത്ത അടുത്ത മത്സരത്തിൽ ഓപ്പണർമാർ തിരികെ ടീമിലെത്തിയതോടെ വീണ്ടും ഗില്ലിനെ ഡൗൺ ഓർഡറിൽ ഇറക്കുകയായിരുന്നു.

Top