ഇന്ന് മുംബൈ ബാംഗ്ലൂർ പോരാട്ടം: ടോസ് അറിയാം

തുടർച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടിറങ്ങുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ അൽസാരി ജോസഫിനു പകരം വെറ്ററൻ പേസർ ലസിത് മലിംഗ മുംബൈ നിരയിലേക്ക് തിരിച്ചെത്തിയപ്പോൾ ബാംഗ്ലൂരിന് മാറ്റങ്ങളൊന്നും ഇല്ല.

കഴിഞ്ഞ മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ നേടിയ ഉജ്ജ്വല വിജയത്തിൻ്റെ ആത്മവിശ്വാസത്തിലാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ടൂർണമെൻ്റിലെ ആദ്യ ജയവും ആദ്യ പോയിൻ്റും കരസ്ഥമാക്കിയ ബാംഗ്ലൂർ വിജയം തുടരാനുള്ള തയ്യാറെടുപ്പിലാണ് ഇറങ്ങുന്നത്. മറുവശത്ത് രാജസ്ഥാൻ റോയൽസിനെതിരെ അപ്രതീക്ഷിത തോൽവി വഴങ്ങേണ്ടി വന്ന മുംബൈക്കും കളി ജയിച്ചേ മതിയാവൂ.

ഡിവില്ല്യേഴ്സും കോഹ്ലിയും ഫോമിലേക്കെത്തിയതും ഡെത്ത് ഓവറുകളിൽ റൺസ് വഴങ്ങാതിരിക്കാൻ ബൗളർമാർ ശ്രദ്ധിച്ചതും കഴിഞ്ഞ കളിയിൽ നിന്നും ബാംഗ്ലൂരിനു ലഭിച്ച നേട്ടങ്ങളാണ്. കഴിഞ്ഞ മത്സരത്തിൽ അർദ്ധസെഞ്ചുറികൾ നേടിയ എബിയും കോഹ്‌ലിയും ആ പ്രകടനം തുടരാമെന്ന കണക്കുകൂട്ടലിലാണ്. ഇരുവരും കളിച്ചാൽ വീണ്ടും ഒരു വിജയം ബാംഗ്ലൂർ കുറിക്കും.

മുംബൈ ഇന്ത്യൻസിനും പ്രത്യക്ഷമായ പ്രശ്നങ്ങളില്ല. ക്വിൻ്റൺ ഡികോക്കിൻ്റെ സ്ഥിരതയില്ലായ്മയും രോഹിത് ശർമ്മയുടെ ഫോമുമാണ് അവരുടെ തലവേദന. ടൂർണമെൻ്റിൽ നല്ല തുടക്കങ്ങൾ പലപ്പോഴായി ലഭിച്ചിട്ടും ഉയർന്ന സ്കോറിലേക്ക് എത്തിക്കാൻ രോഹിതിന് സാധിച്ചിട്ടില്ല. ഇഷൻ കിഷനെ ഡൗൺ ഓർഡറിൽ ഇറക്കുക വഴി പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്ന് മുംബൈ ടീം മാനേജ്മെൻ്റ് തിരിച്ചറിഞ്ഞിട്ടുണ്ടാവും. ഇഷൻ കിഷനെ ടോപ്പ് ഓർഡറിൽ ഇരക്കുമോ എന്നത് ചോദ്യമായി അവശേഷിക്കുകയാണ്.

Top