തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം; യോഗി ആദിത്യനാഥിനും മായാവതിക്കും വിലക്ക്

മതത്തിന്‍റെ പേരില്‍ വോട്ടഭ്യര്‍ത്ഥിച്ചതിന് ഉത്തര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും, ബിഎസ്പി നേതാവ് മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രചരാണ വിലക്ക്. യോഗി ആദിത്യനാഥിനെ മൂന്ന് ദിവസത്തേക്കും മായാവതിയെ രണ്ട് ദിവസത്തേക്കും ആണ് വിലക്കിയത്. മതവികാരം ഇളക്കിവിടുന്ന പരാമര്‍ശങ്ങള്‍ നടത്തുന്ന നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിന് കമ്മീഷനെ സുപ്രിം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ഇന്ന് രാവിലെയാണ് യോഗി ആദിത്യനാഥും, മായവതിയും ഉള്‍പ്പെടേ മതവികാരം ഉയര്‍ത്തി വോട്ട് പിടിക്കുന്ന നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാത്ത തെരഞ്ഞെടുപ്പ് കമ്മീഷനെ സുപ്രിം കോടതി വിമര്‍ശിച്ചത്. ചട്ടംഘനങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ കമ്മീഷന്‍ ഉറങ്ങുകയാണോയെന്നും, നടപടി സ്വീകരിക്കാത്തതിന്‍റെ കാരണം വിശദീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു.

വിശീദകരണം നല്‍കുന്നതിനായി കമ്മീഷന്‍ പ്രതിനിധിയോട് നാളെ നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിനും മായാവതിക്കും എതിരെ കര്‍ശന നടപടി പ്രഖ്യാപിച്ചത്. ഒരിക്കല്‍ താക്കീത് നല്‍കിയിട്ടും വീണ്ടും ചട്ടം ലംഘിച്ചത് കണക്കിലെടുത്താണ് യോഗി ആദിത്യനാഥിന് മൂന്ന് ദിവസത്തെ വിലക്ക്. ഇന്ത്യന്‍ സൈന്യത്തെ മോദി സേന എന്ന് വിളിച്ചതിന് ആദിത്യനാഥിനെ കമ്മീഷന്‍ താക്കീത് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അലിയും ബജ്റംഗ്ബലിയും തമ്മിലാണ് മത്സരം എന്ന വര്‍ഗീയ പരാമര്‍ശവുമായി രംഗത്ത് വന്നത്. മുസ്ലിംകള്‍ വിശാല സഖ്യത്തിന് വോട്ട് ചെയ്യണമെന്ന് നടത്തിയ അഭ്യര്‍ത്ഥനയാണ് മായാവതിക്ക് തിരിച്ചടിയായത്.

Read Also : കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മില്‍ അവിശുദ്ധ ബന്ധം; വിവാദ പരാമര്‍ശവുമായി വീണ്ടും യോഗി ആദിത്യനാഥ്

പരാമര്‍ശത്തിലും കഴിഞ്ഞ 12നകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് രണ്ട് ദിവസത്തേക്ക് പ്രചാരണം വിലക്കിയത്. വിലക്ക് നാളെ രാവിലെ ആറ് മണി മുതല്‍ ആരംഭിക്കും. വിലക്ക് അവസാനിക്കുന്നത് വരെ പൊതുറാലികള്‍, റോഡ് ഷോകള്‍, മാധ്യമ പ്രതികരണങ്ങള്‍ ഒന്നും പാടില്ല. അതേസമയം പെരുമാറ്റച്ചട്ടം ലംഘിക്കുന്ന നേതാക്കള്‍ക്കെതിരെ എന്തൊക്കെ നടപികള്‍ സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം ഉണ്ട് എന്ന കാര്യം സുപ്രിം കോടതി നാളെ പരിശോധിക്കും.

Top