ശബരിമല കർമ്മസമിതി തിരുവനന്തപുരത്ത് സ്‌ഥാപിച്ച ഫ്ളക്സുകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു തുടങ്ങി

ശബരിമല കർമ്മസമിതി തിരുവനന്തപുരതു സ്‌ഥാപിച്ച ഫ്ളക്സുകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു തുടങ്ങി. 24 ഫ്ലക്സുകളിൽ 8 എണ്ണം ആണ് നീക്കിയത്. ഫ്ലക്സുകൾ നീക്കം ചെയ്യുന്നതിനെതിരെ കർമ്മസമതി മുഖ്യ തെരഞ്ഞെടുപ്പ്
ഓഫീസർക്കു പരാതി നൽകിയിരുന്നു.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കർമ്മസമിതി നടത്തിയ പ്രക്ഷോഭങ്ങളുടെ പേരിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്യുന്നത്. തിരുവനന്തപുരം നഗരത്തിൽ വിവിധയിടങ്ങളിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ രാത്രിയിലാണ് നീക്കം ചെയ്യതത്. കവഡിയാർ അമ്പലമുക്കിലെ ഫ്ളക്സ് നീക്കാൻ എത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ശബരിമല കർമസമിതി പ്രവർത്തകർ തടഞ്ഞത് നേരിയ തോതിൽ വാക്ക് തർക്കത്തിന് ഇടയാക്കി. തുടർന്ന് പോലീസ് എത്തി പ്രവർത്തകരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. പ്രവർത്തകർ പിരിഞ്ഞ് പോയതോടെ ഉദ്യോഗസ്ഥർ ഫ്ളക്സ് നീക്കം ചെയ്തു.
അതേസമയം,ബോർഡുകളിൽ പെരുമാറ്റ ചട്ടത്തിനു വിരുദ്ധമായി ഒന്നും എഴുതിയിട്ടില്ലെന്നാണ് കർമ്മസമിതി നേതാക്കൾ പറയുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇതു പരിശോധിക്കാമെന്ന് ഉറപ്പു നൽകിയതാണെന്നും കർമ്മസമിതി നേതാക്കൾ പറയുന്നു. ഫ്ലക്സുകൾ നീക്കം ചെയ്യുന്നതു സംബന്ധിച്ച് ജില്ലാ കളക്ടർമാർക്ക് തീരുമാനം എടുക്കാമെന്ന് നേരത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കായിരുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here