‘അന്ന് ഇന്ദിരയും സഞ്ജയും തോറ്റതുകൊണ്ടാണ് ഇന്ന് ജീവിച്ചിരിക്കുന്നത്’: ബാലചന്ദ്രൻ ചുള്ളിക്കാട്

അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധിയും സഞ്ജയ് ഗാന്ധിയും തോറ്റതു കൊണ്ടാണ് താനിന്ന് ജീവിച്ചിരിക്കുന്നതെന്ന് കവി ബാചന്ദ്രൻ ചുള്ളിക്കാട്. നാൽപത് വർഷങ്ങൾക്ക് മുൻപ് നടന്ന തെരഞ്ഞെടുപ്പ് തങ്ങൾക്ക് ജീവൻ മരണ പോരാട്ടമായിരുന്നുവെന്നും ബാചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. എറണാകുളം രാജേന്ദ്ര മൈതാനത്ത് ഇടത് സ്ഥാനാർത്ഥി പി രാജീവിന്റെ വിജയത്തിനായി സംഘടിപ്പിച്ച സാംസ്‌ക്കാരിക കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാൽപത് വർഷങ്ങൾക്ക് ശേഷം താൻ വീണ്ടും എറണാകുളത്തെ തെരുവുകളിൽ പ്രസംഗിക്കുകയാണെന്ന് ചുള്ളിക്കാട് പറയുന്നു. ഈ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ ഇനി രാജ്യത്ത് ഒരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ല എന്നാണ് അവരുടെ നേതാവ് സാക്ഷി മഹാരാജ് പറയുന്നത്. അത് ഏതാണ്ട് സത്യമാകുമോ എന്ന ഭയം തനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസുകാർ കൊന്നുകളയുമെന്ന് നേരിട്ട് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. തങ്ങൾ തെരഞ്ഞെടുപ്പ് കഴിഞ്ഞ് റേഡിയോയുടെ മുന്നിൽ മരണം കാത്തിരുന്നു.
കോൺഗ്രസിന്റെ സ്ഥാനത്ത് ഇന്ന് ബിജെപിയായിരിക്കുന്നു. ബിജെപിയുടെയും ആർഎസ്എസിന്റെയും ലക്ഷ്യം നമ്മുടെ ഭരണ ഘടന തകർക്കുകയും ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവ എന്നെന്നേയ്ക്കുമായി തുടച്ച് നീക്കുകയും ചെയ്യുക എന്നതാണ്. അത് അനുവദിച്ചുകൂട.
അതുപോലെ രണ്ടാം യുപിഎ സർക്കാരിന്റെ അസഹനീയമായ അഴിമതിയാണ് ഇന്നത്തെ ബിജെപി ഭരണം സാധ്യമാക്കിയത്. നരസിംഹ റാവുവിന്റെ ഉദാസീനതയാണ് ബാബറി മസ്ജിദിന്റെ തകർച്ച സാധ്യമാക്കിയത്. അതുകൊണ്ട് ഇടതുപക്ഷം വിജയിക്കേണ്ടതുണ്ട്. അതിന് വേണ്ടിയാണ് താൻ വീണ്ടും ഈ തെരുവുകളിൽ പ്രസംഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here