നവജാത ശിശുവിനെതിരായ വർഗീയ പരാമർശം; ബിനിൽ സോമസുന്ദരം അറസ്റ്റിൽ

മംഗലാപുരത്ത് നിന്ന് അടിയന്തര ഹൃദയശസ്ത്രക്രിയ്ക്കായി കൊച്ചിയിലേക്ക് ആംബുലൻസിലെത്തിച്ച കുഞ്ഞിനെ ജിഹാദിയുടെ വിത്ത് എന്നുപറഞ്ഞ് അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ബിനിൽ സോമസുന്ദരം അറസ്റ്റിൽ. കൊച്ചി സെൻട്രൽ പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഹൃദയവാൽവിലുണ്ടായ ഗുരുതര തകരാറിനെ തുടർന്ന് മംഗാലപുരത്തെ ഡോ.മുള്ളേഴ്‌സ് ആശുപത്രിയിൽ നിന്നും കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച പതിനെട്ട് ദിവസം പ്രായമുള്ള നവജാത ശിശുവിനെ വർഗീയമായി അപമാനിച്ച സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ബിനിൽ സോമസുന്ദരത്തിനെതിരെ 153-എ വകുപ്പ് പ്രകാരം മതസ്പർധ വളർത്താൻ ശ്രമിച്ചതിനാണ് കേസെടുത്തത്. എറണാകുളം സെൻട്രൽ പൊലീസാണ് സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം സൃഷ്ടിച്ച സംഭവത്തിൽ കേസെടുത്തത്.

അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനിൽ സോമസുന്ദരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നൽകിയത്. കർശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചതായി ശ്രീജിത്ത് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ബിനിൽ ഒളിവിൽ പോയിരുന്നു.

കഴിഞ്ഞ ദിവസമാണ് ബിനിൽ സോമസുന്ദരം കുഞ്ഞിനെതിരെ ഫേസ്ബുക്കിൽ കുറിപ്പിട്ടത്. ‘കെ എൽ 60 ജെ 7739 എന്ന ആംബുലൻസിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതിൽ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സർക്കാർ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’ ഇങ്ങനെയായിരുന്നു ബിനിൽ ഫേസ്ബുക്കിൽ കുറിച്ചത്.

Read more: നവജാത ശിശുവിനെതിരെ വർഗീയ പരാമർശം; പ്രതി ഒളിവിൽ

വിവാദമായതോടെ ഇയാൾ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് പറഞ്ഞുകൊണ്ട് മറ്റൊരു പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. എന്നാൽ സമാനമായ പോസ്റ്റ് ട്വിറ്ററിലും ഇയാൾ ഇട്ടിരുന്നു. ഇത് പിൻവലിക്കാൻ വൈകിയത് ചൂണ്ടികാട്ടി സോഷ്യൽ മീഡിയ ഉപയോക്താക്കൾ അതിശക്തമായ വിമർശനമാണ് ഇയാൾക്കെതിരെ ഉയർത്തുന്നത്. ഹിന്ദു രാഷ്ട്ര സേവകനാണ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇയാൾ കടവൂർ സ്വദേശിയാണെന്നാണ് അറിയുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More