സ്റ്റെയിന്റെ തിരിച്ചു വരവ് 9 വർഷങ്ങൾക്കു ശേഷം; ജേഴ്സി നമ്പരിൽ കൗതുകമൊളിപ്പിച്ച് ആർസിബി

ഒൻപത് വർഷങ്ങൾക്കു ശേഷമാണ് ഡെയിൽ സ്റ്റെയിൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലേക്ക് തിരികെയെത്തുന്നത്. 2010ലായിരുന്നു സ്റ്റെയിൻ അവസാനമായി ബാംഗ്ലൂർ ജേഴ്സി അണിഞ്ഞത്. ഒൻപത് വർഷങ്ങൾക്കിപ്പുറം ടീമിലേക്ക് തിരികെയെത്തിയ സ്റ്റെയിന് ഒൻപതാം നമ്പർ ജേഴ്സി തന്നെ നൽകി ബാംഗ്ലൂർ ആദരിച്ചിരിക്കുകയാണ്.
2008 മുതൽ 2010 വരെയാണ് ആദ്യം സ്റ്റെയിൻ ബാംഗ്ലൂരിൽ കളിക്കുന്നത്. തുടർന്ന് ഡെക്കാൺ ചാർജേഴ്സ്, സൺ റൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ലയൺസ് തുടങ്ങിയവർക്കു വേണ്ടി കളിച്ച സ്റ്റെയിൻ കഴിഞ്ഞ രണ്ട് വർഷം ഐപിഎൽ കളിച്ചിരുന്നില്ല. ഇക്കൊല്ലം ലേലത്തിൽ ആരും സ്റ്റെയിനെ വിളിച്ചില്ലെങ്കിലും ഓസ്ട്രേലിയൻ പേസർ നഥാൻ കോൾട്ടർ നൈലിനു പരിക്കേറ്റതോടെ ആർസിബി സ്റ്റെയിനെ ടീമിലെത്തിക്കുകയായിരുന്നു.
അതേ സമയം, 9 വർഷത്തിനു ശേഷമുള്ള തൻ്റെ ബാംഗ്ലൂർ മത്സരം ഉജ്ജ്വലമായാണ് സ്റ്റെയിൻ തുടങ്ങിയത്. ആദ്യ പന്തിൽ തന്നെ ഓപ്പണർ ക്രിസ് ലിന്നിനെ സ്ലിപ്പ് ഫീൽഡറുടെ കൈകളിലെത്തിച്ചെങ്കിലും മാർക്കസ് സ്റ്റോയിനിസിന് ആ ക്യാച്ച് കയ്യിലൊതുക്കാനായില്ല. എന്നാൽ ആ ഓവറിലെ അവസാന പന്തിൽ ക്രിസ് ലിന്നിനെത്തന്നെ വിരാട് കോഹ്ലിയുടെ കൈകളിലെത്തിച്ച് സ്റ്റെയിൻ തൻ്റെ തിരിച്ചു വരവ് അവിസ്മരണീയമാക്കി. നിലവിൽ തൻ്റെ മൂന്നാം ഓവറിലെ അവസാന പന്തിൽ ശുഭ്മൻ ഗില്ലിനെക്കൂടി കോഹ്ലിയുടെ കൈകളിലെത്തിച്ച് സ്റ്റെയിൻ രണ്ട് വിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here