Advertisement

വീണ്ടും റസ്സൽ; കൂട്ടിന് നിതീഷ് റാണയും: എന്നിട്ടും ജയിച്ച് ബാംഗ്ലൂർ

April 19, 2019
Google News 1 minute Read

തൻ്റെ അസാമാന്യ കരുത്തുമായി ആന്ദ്രേ റസൽ കൊടുങ്കാറ്റായെങ്കിലും മത്സരത്തിൽ ബാംഗ്ലൂരിന് അവിശ്വസനീയ ജയം. റസലിനൊപ്പം ഉജ്ജ്വല ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത നിതീഷ് റാണയും കൂടി ചേർന്നതോടെ മത്സരം ബാംഗ്ലൂർ ഏറെക്കുറെ കൈവിട്ടുവെങ്കിലും അവസാന ഓവർ ഉജ്ജ്വലമായി എറിഞ്ഞ മൊയീൻ അലി ബാംഗ്ലൂരിന് വിജയം സമ്മാനിക്കുകയായിരുന്നു. 10 റൺസിനായിരുന്നു ബാംഗ്ലൂരിൻ്റെ വിജയം. റസ്സൽ 65 റൺസും റാണ 85 റൺസുമെടുത്തു.

12ആം ഓവർ വരെ കളി ബാംഗ്ലൂരിൻ്റെ കൈകളിലായിരുന്നു. അതു വരെ ഉജ്ജ്വലമായി പന്തെറിഞ്ഞ ബാംഗ്ലൂർ ബൗളർമാർ സീസണിലാദ്യമായി മികച്ച പ്രകടനം നടത്തി എന്ന തോന്നലുണ്ടാക്കി. ക്രിസ് ലിൻ, സുനിൽ നരേൻ, ശുഭ്മൻ ഗിൽ, റോബിൻ ഉത്തപ്പ എന്നിവർ സ്കോർ ബോർഡിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിക്കാതെ മടങ്ങിയതോടെ ആർസിബി വിജയം മണത്തു. എന്നാൽ നിതീഷ് റാണയും ആന്ദ്രേ റസലും ഒത്തു ചേർന്നതോടെ സ്കോർ ബോർഡ് കുതിച്ചു. 13ആം ഓവറിൽ ഒത്തു ചേർന്ന റസൽ-നിതീഷ് സഖ്യം എല്ലാവരെയും കണക്കറ്റ് മർദ്ദിച്ചു. ഇതിനിടെ റസലിൻ്റെ ക്യാച്ച് നിലത്തിട്ട് ഫീൽഡർമാരും കൊൽക്കത്തയെ സഹായിച്ചു.

79-4 എന്ന നിലയിൽ ഒത്തു ചേർന്ന ഇരുവരും കൂറ്റനടികളിലൂടെ ഇന്നിംഗ്സ് മുന്നോട്ടു നയിച്ചതോടെ ബാംഗ്ലൂർ ബൗളർമാർക്ക് മറുപടിയില്ലാതായി. ബാംഗ്ലൂരിൻ്റെ ഏറ്റവും മികച്ച ബൗളർ യുസ്‌വേന്ദ്ര ചഹാൽ മൂന്നോവറിൽ വഴങ്ങിയത് 45 റൺസാണ്. 32 പന്തുകളിൽ നിന്ന് തൻ്റെ അർദ്ധസെഞ്ചുറി കണ്ടെത്തിയ റാണ റസ്സലിനെ കടത്തി വെട്ടുന്ന ഇന്നിംഗ്സാണ് കാഴ്ച വെഹ്ചത്. 19ആം ഓവറിൽ സെഞ്ചുറി കൂട്ടുകെട്ട് പിന്നിട്ട ഇരുവരും 42 പന്തുകളിലാണ് ആ നേട്ടത്തിലെത്തിയത്. ആ ഓവറിൽ തന്നെ 21 പന്തുകളിൽ നിന്നും തൻ്റെ അർദ്ധസെഞ്ചുറി തികച്ച റസ്സൽ 19ആം ഓവറിൽ തുടർച്ചയായ മൂന്ന് സിക്സറുകൾ സഹിതം അടിച്ചു കൂട്ടിയത് 19 റൺസാണ്.

അവസാന ഓവറിൽ 24 റൺസായിരുന്നു കൊൽക്കത്തയുടെ വിജയ ലക്ഷ്യം. പന്തെറിയാനെത്തിയത് മൊയീൻ അലി. ആദ്യ പന്ത് റാണയ്ക്കെതിരെ ഡോട്ട് ബോളെറിഞ്ഞ മൊയീൻ അടുത്ത പന്തിൽ ഒരു സിംഗിൾ വിട്ടു നൽകി. അവസാന നാല് പന്തുകളിൽ 23 റൺസ് വേണ്ട അവസരത്തിൽ മൂന്നാം പന്തിൽ റസൽ സിക്സറടിച്ചെങ്കിലും അടുത്ത ബോൾ ഡോട്ടായി. തൊട്ടടുത്ത പന്തിൽ റസൽ റണ്ണൗട്ട്. 25 പന്തുകളിൽ രണ്ട് ബൗണ്ടറികളും 9 സിക്സറുകളും സഹിതം 65 റൺസെടുത്ത് കൊൽക്കത്തയെ അവിശ്വസനീയ വിജയത്തിനടുത്തെത്തിച്ച ശേഷമായിരുന്നു റസ്സൽ പുറത്തായത്. 46 പന്തുകളിൽ 9 ബൗണ്ടറികളും 5 സിക്സറുകളും സഹിതം 85 റൺസെടുത്ത നിതീഷ് റാണ പുറത്താവാതെ നിന്നു.

നേരത്തെ വിരാട് കോഹ്ലിയുടെയും മൊയീൻ അലിയുടെയും ഉജ്ജ്വല ഇന്നിംഗ്സുകളുടെ ബലത്തിലാണ് ബാംഗ്ലൂർ കൂറ്റൻ സ്കോർ നേടിയത്. കോഹ്ലി 100ഉം മൊയീൻ അലി 66ഉം റൺസെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here