ടി പി ശ്രീനിവാസൻ ബിജെപി വേദി പങ്കിട്ട സംഭവം; അന്യായമായി പോയെന്ന് ശശി തരൂർ

വിദേശകാര്യ വിദഗ്ധനും മുൻ അംബാസഡറുമായ ടി പി ശ്രീനിവാസൻ ബിജെപി വേദി പങ്കിട്ട സംഭവത്തിൽ പ്രതികരണവുമായി തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. അത്തരത്തിലൊരു സംഭവം അന്യായമായി പോയെന്ന് ശശി തരൂർ ട്വന്റിഫോറിനോട് പറഞ്ഞു.

യുഡിഎഫ് സർക്കാറിന്റെ കാലത്താണ് ശ്രീനിവാസന് സ്ഥാനമാനങ്ങൾ നൽകിയത്. ഇപ്പോൾ ഓരോരോ അവസരങ്ങൾ കണ്ട് മുന്നോട്ടു പോകുന്നതായിരിക്കും. 2014 മുതൽ അദ്ദേഹവുമായി തനിക്ക് ബന്ധമില്ല. നാടിന് വേണ്ടി താൻ എന്തൊക്കെ ചെയ്തിട്ടുണ്ട് എന്ന് ജനങ്ങൾക്ക് ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ ശ്രീനിവാസന്റെ വിമർശനങ്ങളെ ഭയക്കുന്നില്ലെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

ഇന്നലെ തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത സങ്കൽപ് റാലിയിലാണ് ടി പി ശ്രീനിവാസൻ കുമ്മനം രാജശേഖരനൊപ്പം വേദി പങ്കിട്ടത്. ശശി തരൂരിനെതിരെ വിമർശനം ഉന്നയിച്ച അദ്ദേഹം കുമ്മനം രാജശേഖരന് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ഫേസ്ബുക്കിൽ വിശദീകരണവുമായി ശ്രീനിവാസൻ കുറിപ്പിട്ടിരുന്നു.

Read more:കുമ്മനത്തിന് പിന്തുണ നൽകിയതിൽ ഉറച്ചു നിൽക്കുന്നു; ബിജെപി വേദിയിൽ എത്തിയതിന് പിന്നിൽ ശശി തരൂരുമായുളള അഭിപ്രായ വ്യത്യാസം; തുറന്നു പറഞ്ഞ് ടി പി ശ്രീനിവാസൻ

കുമ്മനം രാജശേഖരന്റെ ക്ഷണം സ്വീകരിച്ചാണ് താൻ പരിപാടിയിൽ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് കാരണങ്ങൾ കൊണ്ടാണ് ആ പരിപാടിയിൽ താൻ പങ്കെടുത്തതെന്ന് ശ്രീനിവാസൻ വിശദീകരിച്ചു. വാഷിങ്ടണിൽ അംബാസഡറായിരിക്കെ മോദിയെ വീട്ടിലേക്ക് ക്ഷണിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിരുന്നുവെന്നും തന്റെ നാട്ടിൽ അദ്ദേഹം എത്തിയപ്പോൾ സ്വീകരിക്കാനുള്ള അവസരമായാണ് ആ പരിപാടിയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം പുതിയൊരു എംപിയെ ആവശ്യപ്പെടുന്നുണ്ട്. ശശി തരൂർ നല്ല വാഗ്മിയും എഴുത്തുകാരനുമാണ്. എന്നാൽ അദ്ദേഹത്തെ രാഷ്ട്രീയക്കാരൻ എന്ന നിലയിൽ കാണാൻ താൻ താൽപര്യപ്പെടുന്നില്ല. അദ്ദേഹത്തിന് കേരളവുമായി ബന്ധമില്ല. ശശി തരൂർ പുറത്തുനിന്നുള്ള ആളാണ്. കുമ്മനം ഈ നാട്ടുകാരനാണ്. കഴിവുള്ളവനാണ്. അദ്ദേഹത്തിന് ആർഭാടമില്ല. ബാങ്ക് ബാലൻസുമില്ല. തിരുവനന്തപുരത്തെ കുമ്മനം രാജശേഖരൻ പാർലമെന്റിൽ പ്രതിനിധീകരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കൂട്ടിച്ചേർത്തു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More