ഇവന്റ്മാനേജ്‌മെന്റിനെ ഉപയോഗിച്ച് വോട്ടിന് പണം നൽകുന്നുവെന്ന ആരോപണം; എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

ഇവന്റ്മാനേജ്‌മെന്റിനെ ഉപയോഗിച്ച് പണം നൽകി വോട്ടുവാങ്ങുന്നുവെന്ന് ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയും കൊല്ലത്തെ യുഡിഎഫ് നോതാക്കൾക്കുമെതിരെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. എൽഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി സെക്രട്ടറി കെ വരദരാജനാണ് ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണയ്ക്കും കൊല്ലം ജില്ലാ വരണാധികാരി എസ് കാർത്തികേയനും പരാതി നൽകിയത്.
ഉമ്മൻചാണ്ടിയും, ഷിബു ബേബി ജോണും,ബിന്ദു കൃഷ്ണയും തെളിവില്ലാത്ത ആരോപണം ഉന്നയിച്ച് ജനപ്രാദിനിധ്യ നിയമവും തെരഞ്ഞെടുപ്പ് ചട്ടലംഘനവും നടത്തിയെന്ന് പരാതിയിൽ എൽഡിഎഫ് ചൂണ്ടികാട്ടി. പണം നൽകി വോട്ടുപിടിക്കുന്നുവെന്ന ആരോപണം ഇടതുമുന്നണിയേയും വോട്ടർമാരേയും അവഹേളിക്കലാണെന്നും പരാതിയിൽ എൽഡിഎഫ് പറഞ്ഞു. അതേസമയം, യുഡിഎഫ് നേതാക്കളുടെ പരാതിയിൽ ജില്ലാ കളക്ടർ നടപടി ശക്തമാക്കിയിട്ടുണ്ട്. ജില്ലയിൽ വാഹന പരിശോധനയും നിരീക്ഷണവും ശക്തമാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
കോഴിക്കോട് ആസ്ഥാനമായ ഇവൻറ്മാനേജ്‌മെന്റ് ടീമിനെ നിയോഗിച്ച് എൽഡിഎഫ് വോട്ടിന് പണം നൽകുന്നുവെന്ന ഗുരുതര ആരോപണമാണ് കൊല്ലത്തെ യുഡിഎഫ് നേതൃത്വം ഉന്നയിച്ചത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്കും തെരെഞ്ഞെടുപ്പ് കമ്മീഷനും രേഖാമൂലം പരാതിയും നൽകി. ഇതിന് പിന്നാലെ വിഷയത്തിൽ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ രംഗത്ത് വന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here