എറിഞ്ഞു വീഴ്ത്തി ചെന്നൈ; 161ൽ ഒതുങ്ങി ബാംഗ്ലൂർ
ബൗളർമാരുടെ ഉജ്ജ്വല പ്രകടനം തുണയായപ്പോൾ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ കുറഞ്ഞ സ്കോറിലൊതുക്കി ചെന്നൈ സൂപ്പർ കിംഗ്സ്. 7 വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് ബാംഗ്ലൂർ നേടിയത്. അർദ്ധസെഞ്ചുറി നേടിയ പാർത്ഥിവ് പട്ടേലിനൊപ്പം ചെറിയ പിന്തുണകൾ പലരിൽ നിന്നും ലഭിച്ചെങ്കിലും ആർക്കും ഉയർന്ന സ്കോർ നേടാനായില്ല.
ഇന്നിംഗ്സിൻ്റെ മൂന്നാം ഓവറിൽ കോഹ്ലിയെ നഷ്ടമാകുമ്പോൾ ആർസിബിയുടെ സ്കോർ ബോർഡിൽ 11 റൺസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 9 റൺസ മാത്രമെടുത്ത് പുറത്തായ കോഹ്‌ലിക്ക് പിന്നാലെ ക്രീസിലെത്തിയ ഡിവില്ല്യേഴ്സ് നന്നായി തുടങ്ങിയെങ്കിലും ഏഴാം ഓവറിൽ രവീന്ദ്ര ജഡേജയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 19 പന്തുകളിൽ മൂന്ന് ബൗണ്ടറികളും ഒരു സിക്സറും സഹിതം 25 റൺസായിരുന്നു എബിയുടെ സമ്പാദ്യം. ശേഷം ക്രീസിലെത്തിയ അക്ഷ്ദീപ് നാഥിനും മികച്ച തുറ്റക്കം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. 20 പന്തുകളിൽ നിന്നും 24 റൺസെടുത്ത നാഥിനെയും ജഡേജ തന്നെയാണ് വീഴ്ത്തിയത്.
36 പന്തുകളിൽ നിന്നും തൻ്റെ അർദ്ധസെഞ്ചുറി പൂർത്തിയാക്കിയ പാർത്ഥിവ് തൊട്ടടുത്ത പന്തിൽ പുറത്തായി. 37 പന്തുകളിൽ രണ്ട് ബൗണ്ടറികളും നാല് സിക്സറുകളും സഹിതം 53 റൺസെടുത്താണ് പാർത്ഥിവ് പുറത്തായത്. തൊട്ടടുത്ത ഓവറിൽ 14 റൺസെടുത്ത മാർക്കസ് സ്റ്റോയിനിസും പ്വലിയനിലേക്ക് മടങ്ങി. അവസാന ഒവറുകളിൽ ചില മികച്ച ഷോട്ടുകളിലൂടെ ആർസിബിയെ മാന്യമായ സ്കോറിലെത്തിച്ച മൊയീൻ അലി അവസാന ഓവറിലെ അഞ്ചാം പന്തിൽ മടങ്ങി. 16 പന്തുകളിൽ 5 ബൗണ്ടറികൾ സഹിതം 26 റൺസെടുത്ത മൊയീൻ അലിയാണ് ബാംഗ്ലൂർ സ്കോറിന് മാന്യത നൽകിയത്.
രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജ, ദീപക് ചഹാർ, ഡ്വെയിൻ ബ്രാവൊ എന്നിവർക്കൊപ്പം ഒരു വിക്കറ്റെടുത്ത ഇമ്രാൻ താഹിറും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here