വീണ്ടും ഓപ്പണിംഗ് ജോഡി; സൺ റൈസേഴ്സിന് അനായാസ ജയം
ഓപ്പണർമാരുടെ അർദ്ധസെഞ്ചുറിക്കരുത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺ റൈസേഴ്സ് ഹൈദരാബാദിന് അനായാസ ജയം. 30 പന്തുകൾ ബാക്കി നിൽക്കെ 9 വിക്കറ്റിനായിരുന്നു സൺ റൈസേഴ്സ് ഫിനിഷ് ലൈൻ തൊട്ടത്. ഡെവിഡ് വാർണർ 67 റൺസും ജോണി ബാരിസ്റ്റോ റൺസുമെടുത്തു. ബാരിസ്റ്റോയെ മൂന്നു വട്ടം നിലത്തിട്ട കൊൽക്കത്തയും സൺ റൈസേഴ്സ് വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചു.
പതിവു പോലെ ബൗളർമാരെ കടന്നാക്രമിച്ചാണ് വാർണർ-ബാരിസ്റ്റോ സഖ്യം ഇന്നിംഗ്സിനു തുടക്കമിട്ടത്. അരങ്ങേറ്റക്കാരൻ യറ പൃഥ്വിരാജിൻ്റെ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ കരിയപ്പ ബാരിസ്റ്റോയെ നിലത്തിട്ടു. ഇന്നിംഗ്സിലെ രണ്ടാം ഓവറായിരുന്നു അത്. തുടർന്ന് പന്തെടുത്തവരെയെല്ലാം പ്രഹരിച്ച് മുന്നോട്ടു പോയ ഓപ്പണർമാർ ആദ്യ പവർ പ്ലേയിൽ 72 റൺസ് കൂട്ടിച്ചേർത്തു.
28 വീതം പന്തുകളിൽ തങ്ങളുടെ അർദ്ധസെഞ്ചുറികൾ പൂർത്തിയാക്കിയ ഇരുവരും 131 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് വേർപിരിഞ്ഞത്. പൃഥ്വിരാജിനു തന്നെയായിരുന്നു വിക്കറ്റ്. 38 പന്തുകളിൽ മൂന്ന് ബൗണ്ടറികളും അഞ്ച് സിക്സറുകളും സഹിതം 67 റൺസെടുത്ത വാർണറുടെ കുറ്റി പിഴുതാണ് പൃഥ്വിരാജ് തൻ്റെ ആദ്യ ഐപിഎൽ വിക്കറ്റ് സ്വന്തമാക്കിയത്. ഇതിനിടെ ബാരിസ്റ്റോയെ രണ്ട് തവണ കൂടി ഫീൽഡർമാർ കൈവിട്ടു.
വാർണർ പുറത്തായതിനു ശേഷം ക്രീസിലെത്തിയ കെയിൻ വില്ല്യംസണിനെ സാക്ഷി നിർത്തി ചൗൾ എറിഞ്ഞ 15ആം ഓവറിൽ ബാരിസ്റ്റോ ടീമിനെ ജയിപ്പിച്ചു. തുടർച്ചയായി ഒരു ബൗണ്ടറിയും രണ്ട് സിക്സറുമടിച്ചായിരുന്നു ബാരിസ്റ്റോയുടെ ഫിനിഷിംഗ്. ബാരിസ്റ്റോ 43 പന്തുകളിൽ 7 ബൗണ്ടറികളും നാല് സിക്സറുകളും സഹിതം 80 റൺസെടുത്ത് പുറത്താവാതെ നിന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here