സ്റ്റെയ്‌ൻ എന്ന പോരാളി; ആർസിബിയുടെ ടെൻ ഇയർ ചലഞ്ച്
കൃത്യം പത്തു വർഷങ്ങൾക്കു മുൻപാണ് ഡെയിൽ സ്റ്റെയ്‌ൻ അവസാനമായി റോയൽ ചലഞ്ചേഴ്സിൻ്റെ ജേഴ്സി അണിഞ്ഞത്. 2009ൽ തെരഞ്ഞെടുപ്പും ഐപിഎൽ മത്സരങ്ങളും തമ്മിൽ കെട്ടുപിണഞ്ഞപ്പോൾ ലോകത്തെ ഏറ്റവും വലിയ ടി-20 ലീഗ് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറി. ആ ഐപിഎല്ലിൽ സ്റ്റെയ്‌ൻ്റെ ആർസിബി റണ്ണേഴ്സ് അപ്പായി.
അന്ന് കുംബ്ലെ വിരമിച്ചിട്ടില്ല, ദ്രാവിഡ് അപ്പോഴും കളിക്കളത്തിലുണ്ട്, കോഹ്‌ലി ചില മികച്ച അന്താരാഷ്ട്ര ഇന്നിംഗ്സുകളുടെ ലേബലുകൾക്കപ്പുറം ഒരു പുതുമുഖ താരം മാത്രമാണ്. ഒരു പതിറ്റാണ്ട് ശേഷം സ്റ്റെയിൻ തിരികെയെത്തിയപ്പോൾ ആകെ മാറി. കുംബ്ലെയും ദ്രാവിഡും വിരമിച്ചു. ദ്രാവിഡ് പരുവപ്പെടുത്തിയ കുട്ടികൾ ലോകകപ്പ് ഇന്ത്യയിലേക്ക് കൊണ്ടു വരികയും ഇന്ത്യ തന്നെ ലോകകപ്പിൽ മുത്തമിടുകയും ചെയ്തു. വിരാട് കോഹ്ലി ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളിലും തൻ്റെ അപ്രമാദിത്വം തെളിയിച്ച് ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിലൊരാൾ എന്ന വിശേഷണത്തിൻ്റെ തലയെടുപ്പിൽ നിൽക്കുന്നു. അവിടേക്കാണ് സീസൺ പാതിയിൽ ഡെയിൽ വില്ല്യം സ്റ്റെയ്‌ൻ എന്ന ചാമ്പ്യൻ ബൗളർ ബാംഗ്ലൂരിൽ വിമാനമിറങ്ങുന്നത്.
8 മത്സരങ്ങളിൽ നിന്നും ഒരേയൊരു ജയം. തുടർച്ചയായി പരാജയപ്പെടുന്ന പേസ് ഡിപ്പാർട്ട്മെൻ്റ്. വളരെ കൂളായി കുറച്ച് മത്സരം കളിച്ച് പോകാവുന്ന ഒരു സന്ദർഭമായിരുന്നില്ല അത്. അയാളിൽ സമ്മർദ്ദമുണ്ടായിരുന്നു. തുടർച്ചയായി പരാജയപ്പെടുന്ന ആർസിബി പേസ് ഡിപ്പാർട്ട്മെൻ്റിനെ ശക്തമാക്കുക എന്നതിനപ്പുറം മാനസികമായി അവരെ ഉയർത്തുക എന്ന വെല്ലുവിളിയും ഒരു പതിറ്റാണ്ടിൻ്റെ ഐപിഎൽ അനുഭവസമ്പത്തുള്ള സ്റ്റെയ്‌ൻ്റെ ചുമലുകളിൽ ഏല്പിക്കപ്പെട്ടിരുന്നു.
കൊൽക്കത്തയ്ക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ ക്രിസ് ലിന്നിനെയും ശുഭ്മൻ ഗില്ലിനെയും പുറത്താക്കി അവരുടെ ഇന്നിംഗ്സിൻ്റെ ഒഴുക്ക് നഷ്ടപ്പെടുത്തിയ സ്റ്റെയ്‌ൻ ആർസിബിയിൽ കുത്തിവെച്ചത് വിജയിക്കാനുള്ള ത്വരയായിരുന്നു. റസൽ അസാൾട്ടിനെ മറികടന്ന് 10 റൺസിൻ്റെ വിജയം കുറിച്ച ആർസിബിയുടെ ബൗളിംഗ് കോളത്തിൽ 40 റൺസ് വഴങ്ങി 2 വിക്കറ്റെടുത്ത സ്റ്റെയ്‌ൻ്റെ റോൾ ഒഴിവാക്കാൻ പറ്റുന്നതായിരുന്നില്ല. ഇന്നലെ ചെന്നൈക്കെതിരെയും സ്റ്റെയ്‌ൻ രണ്ട് വിക്കറ്റുകളിട്ടാണ് ആർസിബിയെ മത്സരത്തിലേക്ക് കൊണ്ടു വന്നത്. വാട്സണും റെയ്നയും സ്റ്റെയ്‌നു മുന്നിൽ വീണപ്പോൾ ഉയിർത്തെഴുന്നേറ്റത് ശരാശരി സ്കോർ മാത്രം നേടിയ ആർസിബി കൂടിയായിരുന്നു. അവസാന ഓവറൊഴികെ അത്യുജ്ജ്വലമയി പന്തെറിഞ്ഞ ആർസിബി പേസർമാർ സ്റ്റെയ്‌നിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടില്ലെന്ന് പറയാനാവുന്നില്ല.
ഇനി വരുന്ന മത്സരങ്ങളിൽ ചിലപ്പോൾ സ്റ്റെയ്‌ൻ നല്ല പ്രകടനം നടത്തില്ലായിരിക്കാം. ചിലപ്പോൾ ആർസിബി ഇനിയും തോൽവിയിലേക്ക് കൂപ്പുകുത്തി വീണേക്കാം. പക്ഷേ, അതുകൊണ്ടൊന്നും സ്റ്റെയ്‌ൻ ആരായിരുന്നു എന്ന ചോദ്യത്തിൻ്റെ ഉത്തരം മാറാൻ പോകുന്നില്ല.
2010ൽ ആർസിബിയിൽ നിന്നു വിട്ട സ്റ്റെയ്‌ൻ 2016 വരെ പല ഐപിഎൽ ടീമിലും കളിച്ചു. 2017 ലേലത്തിൽ ആരും സ്റ്റെയ്‌നെ എടുത്തില്ല. തുടർന്നുള്ള രണ്ട് കൊല്ലങ്ങൾ അയാൾ ഐപിഎൽ വേദിയിൽ ഇല്ലായിരുന്നു. രണ്ടു വർഷത്തെ ഇടവേളയിൽ കേപ് കോബ്രാസിനു വേണ്ടിയും ഹാംപ്ഷയറിനു വേണ്ടിയും അയാൾ പന്തെറിഞ്ഞു കൊണ്ടിരുന്നു. അയാലുടെ മൂളിപ്പറക്കുന്ന പന്തുകൾ ജൊഹന്നാസ്ബർഗിലെയും ന്യൂലാൻഡ്സിലെയും പിച്ചുകളിൽ വിസ്ഫോടനങ്ങൾ സൃഷ്ടിച്ചു. അയാളുടെ ഇൻസ്വിങ്ങിങ് യോർക്കറുകൾ സ്റ്റമ്പുകളുടെ അടിവേരിളക്കി. ആരോടും പരാതിയില്ലാതെ അയാൾ അവിടെ തൻ്റെ ജോലി തുടർന്നു കൊണ്ടിരുന്നു.
ഇക്കൊല്ലവും ഐപിഎൽ ലേലത്തിൽ അയാളെ അന്വേഷിച്ച് ആരും വന്നില്ല. ഐപിഎല്ലിൽ 24.74 ആവറേജും 6.77 എക്കണോമി റേറ്റുമുള്ള സ്റ്റെയ്‌നെ 35 വയസ്സിൻ്റെ വാർദ്ധക്യം തളർത്തിയെന്നു കരുതി ടീമുകൾ അയാളെ തഴഞ്ഞു. അയാൾക്കിനിയൊന്നും തെളിയിക്കാനില്ല. പക്ഷേ, ഇളമുറപ്പിള്ളേർ അരങ്ങു വാഴുന്ന ഐപിഎല്ലിന് അയാളെ ആവശ്യമുണ്ടായിരുന്നു. അങ്ങനെയാണ് പരിക്കിൻ്റെ രൂപത്തിൽ കോൾട്ടർ നെയിൽ ആർസിബിക്ക് പുറത്താവുന്നതും സ്റ്റെയ്‌ൻ ഇന്ത്യൻ മണ്ണിൽ കാലുകുത്തുന്നതും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here