വിധിയെഴുതാൻ ഒരുങ്ങി കേരളം; രാവിലെ 7 മുതൽ വൈകീട്ട് 6 വരെ പോളിംഗ്

വിധിയെഴുതാൻ ഒരുങ്ങി കേരളം. പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ സംസ്ഥാനത്തെ മുഴുവൻ ബൂത്തുകളും പോളിംഗിന് സജ്ജമായി. തെരഞ്ഞെടുപ്പിനിടെ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടിയെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ മുന്നറിയിപ്പുണ്ട്. നാളെ രാവിലെ 6 ന് മോക്ക് പോളിംഗ്. ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ് പോളിംഗ് നടക്കുക.
തെരഞ്ഞെടുപ്പ് സാമഗ്രികൾ ഏറ്റുവാങ്ങി പോളിംഗ് ഉദ്യോഗസ്ഥർ നിശ്ച്ചയിച്ചിട്ടുള്ള പോളിംഗ് ബൂത്തുകളിലെത്തി. തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് പൂർത്തിയാക്കേണ്ട മുഴുവൻ ക്രമീകരണങ്ങളും പൂർത്തിയായി. അതാത് മണ്ഡലത്തിലെസ്ഥാനാർത്ഥികളുടെ വിവരങ്ങൾ ഫോട്ടൊ സഹിതം ഓരോ ബൂത്തിന് പുറത്തും പ്രദർശിപ്പിക്കും. കൂടാതെപോളിംഗ് ബൂത്തുകളുടെ പുറത്ത് ബൂത്ത് ലെവൽ ഓഫിസർ, സെക്ട്രൽ ഓഫിസർ എന്നിവരുടെ വിവരങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.
Read Also : നാളെ വോട്ട് ചെയ്യാൻ പോകുമ്പോൾ ഈ രേഖകൾ മറക്കല്ലേ….!
നാളെ രാവിലെ 6 മണിക്ക് മോക്ക് പോളിംഗ് നടക്കും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ തകരാറുകൾ കണ്ടെത്തിയാൽ ഈ സമയത്ത് മാറ്റി നൽകും. രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് മണിവരെയാണ് തെരഞ്ഞെടുപ്പ്.
സംസ്ഥാനത്താകെ 24,970 പോളിംഗ് സ്‌റ്റേഷനുകളാണ് ഉള്ളത്. കുറ്റ്യാടി, ആലത്തൂർ, കുന്ദമംഗലം എന്നിവിടങ്ങളിൽ ഓക്‌സിലറി പോളിംഗ് ബൂത്തുകളുമുണ്ട്. ഏറ്റവും കൂടുതൽ പോളിംഗ് ബൂത്തുകൾ ഉള്ളത് മലപ്പുറത്തും കുറവ് വയനാട് ജില്ലയിലുമാണ്. പ്രശ്‌നസാധ്യതയുള്ള 3621 പോളിംഗ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
Read Also : ‘ ഞാൻ എന്തിന് വോട്ട് ചെയ്യണം ?’ ഉത്തരം ഇതാണ്
തെരഞ്ഞെടുപ്പിനിടെ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. കേരള പൊലീസിൽ നിന്ന് 58, 138 ഉദ്യോഗസ്ഥരും, സ്‌പെഷ്യൽ പൊലീസായി 11,781 പേരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ തമിഴ്‌നാട്, കർണാടക പൊലീസും,കേന്ദ്രസേനയും രംഗത്തുണ്ട്.
2 കോടി 61 ലക്ഷം വോട്ടർമാരാണ് അന്തിമ വോട്ടർ പട്ടികയിൽ ഉള്ളത്. ഇതിൽ 1,34,66521 സ്ത്രീകളും, 1,26,84,839 പുരുഷന്മാരുമാണ്. 174 ട്രാൻസ്ജൻഡർ വോട്ടർമാരും, 2,88, 191 കന്നിവോട്ടർമാരും തിരഞ്ഞെടുപ്പിന്റെ ഭാഗമാകും. ഭിന്നശേഷികരെ പോളിംഗ് കേന്ദ്രങ്ങളിലെത്തിക്കാൻ വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here