‘ ഞാൻ എന്തിന് വോട്ട് ചെയ്യണം ?’ ഉത്തരം ഇതാണ്

കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് പോവുകയാണ്. രാവിലെ 7 മണി മുതൽ തന്നെ വോട്ട് രേഖപ്പെടുത്താനായി പോളിംഗ് ബൂത്തുകൾ സജ്ജമാകും. ഒരു ഭാഗത്ത്  വോട്ട് ചെയ്യാൻ അതിയായ ആവേശമാണെങ്കിൽ മറ്റൊരു ഭാഗത്ത് വിമുഖതയാണ്. ‘ഈ സിസ്റ്റം ഒന്നും മാറാൻ പോകുന്നില്ല’, ‘ഞാൻ ഒരാൾ വോട്ട് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കാൻ’ തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ച് വോട്ടിംഗിൽ നിന്നും മാറി നിൽക്കുന്ന പ്രവണത കാണുന്നുണ്ട്. എന്നാൽ ഓരോ വോട്ടും പ്രധാനമാണെന്ന സത്യം ഇത്തരക്കാർ മനസ്സിലാക്കേണ്ടതുണ്ട്.

എന്തിന് നാം വോട്ട് ചെയ്യണം ?

ഓരോ ഇന്ത്യൻ പൗരന്റെയും അവകാശമാണ് വോട്ടിംഗ്. ഓരോ വോട്ടും പ്രധാനമാണ്. രാജ്യത്തിന്റെ തലവര തന്നെ മാറ്റിമറിക്കാൻ ഒരു വോട്ടിലൂടെ സാധിക്കും.

മാറ്റത്തിന് കാരണം

നാം ആഗ്രഹിക്കുന്ന മാറ്റങ്ങൾ രാജ്യത്ത് സംഭവിക്കണമെങ്കിൽ അതിനുവേണ്ട ഭരണാധികാരി അധികാരത്തിൽ വരണം. അതിനായി നാം വോട്ട് രേഖപ്പെടുത്തിയെ മതിയാകൂ. ഉദാഹരണത്തിന് നിലവിലെ ഭരണത്തിൽ നിങ്ങൾ തൃപ്തരല്ലെങ്കിൽ ഭരണമാറ്റത്തിനായി എതിർ പാർട്ടിക്ക് വോട്ട് ചെയ്യാം. അതിലൂടെ ഭരണമാറ്റം കൊണ്ടുവരാം.

നാം വോട്ട് ചെയ്യാതിരിക്കുന്നതോടെ നിലവിലെ ഭരണകക്ഷി തന്നെ അധികാരത്തിലെത്താനുള്ള സാധ്യതയേറുകയാണ്. രാജ്യത്തിന്റെ അടുത്ത അഞ്ച് വർഷത്തെ ഭാവി കൂടിയാണ് നമ്മുടെ ഒരു തീരുമാനത്തെ ആശ്രയിച്ചിരിക്കുകയെന്ന സത്യം കൂടി ഓർക്കേണ്ടതുണ്ട്.

ഓരോ വോട്ടും പ്രധാനമാണ്

ഇത്രയധികം  ജനസംഖ്യയുള്ള ഒരു രാജ്യത്ത് ഒരു പക്ഷേ ‘എന്റെ ഒരാളുടെ വോട്ടിന് എന്ത് പ്രസക്തി’ എന്ന ചോദ്യം നിങ്ങളുടെ മനസ്സിൽ രൂപപ്പെട്ടേക്കാം. അതിനും ഉത്തരമുണ്ട്. നാം വോട്ട് ചെയ്തതുകൊണ്ട് മാത്രം ഒരുപക്ഷേ നാം ആഗ്രഹിച്ച ഒരു നേതാവ് അധികാരത്തിലെത്തണമെന്നില്ല.  എന്നാൽ നാം വോട്ട് ചെയ്യാതിരുന്നാൽ ആര് അധികാരത്തിൽ വരരുതെന്ന് നാം ആഗ്രഹിച്ചുവോ അയാൾ അധികാരത്തിലെത്താനുള്ള സാധ്യത കൂടും. ഓർക്കുക, നാം തന്നെയാണ് ദുർഭരണത്തിന്റെ ഇരകളാകേണ്ടി വരുന്നത്.

അഭിപ്രായപ്രകടനത്തിനുള്ള അവസരം

ആര് അധികാരത്തിൽ വരണമെന്ന നമ്മുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള സമയമാണ് വോട്ടിംഗ്.   ഓരോരുത്തർക്കും ഓരോ താൽപ്പര്യങ്ങളാണ്. നിങ്ങളുടെ താൽപ്പര്യം രേഖപ്പെടുത്താനുള്ള ഈ അവസരം അതുകൊണ്ട് തന്നെ പാഴാക്കരുത്. ഒരു പക്ഷേ നാം ആഗ്രഹിച്ചയാൾ വിജയിച്ചില്ലെങ്കിൽകൂടി നാട്ടിൽ ഇത്തരത്തിലൊരു വികാരമുണ്ടെന്ന് ജനത്തെ അറിയിക്കാനെങ്കിലും നിങ്ങളുടെ ഒരാളുടെ വോട്ടിലൂടെ സാധിക്കും.

സമ്മതിദാനം  നമ്മുടെ  ഉത്തരവാദിത്തം

സമ്മതിദാനം എന്നത് അവകാശം പോലെ തന്നെ ഉത്തരവാദിത്തം കൂടിയാണ്. സൂക്ഷിച്ച് വോട്ട് ചെയ്തില്ലെങ്കിൽ വോട്ട് പാഴായി പോവുകയോ തെറ്റായ ഭണാധികാരി ഭരണത്തിലെത്തുകയോ ചെയ്‌തേക്കാം.

അതുകൊണ്ട് തന്നെ നാളെ വോട്ട് രേഖപ്പെടുത്തുക എന്നത് നമ്മുടെ ഓരോരുത്തരുടേയും  ഉത്തരവാദിത്തമാണ്. നാളെ വോട്ട് ചെയ്തില്ലെങ്കിൽ ഏതൊരു ദിവസത്തെയും പോലെ നാളെയും കടന്നുപോകും, എന്നാൽ നമ്മുടെ രാജ്യത്തിന്റെ ഭാവിയാണ് ഇതോടെ നാം തുലാസിൽ വെക്കുന്നതെന്ന കാര്യം മറക്കരുത്…രാജ്യത്തിനായി, നാം ഉൾപ്പെടുന്ന ജനതക്കായി സമ്മതിദാനാവകാശം വിനിയോഗിക്കുക.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More