ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ; കേരളം നാളെ പോളിങ് ബൂത്തിലേക്ക്

പതിനേഴാമത് ലോക്‌സഭയിലേക്കുള്ള സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് നാളെ നടക്കും. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്നു നടക്കും. ഒന്നരമാസത്തോളം നീണ്ട അത്യന്തം ആവേശകരമായ പ്രചാരണത്തിനൊടുവിലാണ് കേരളം നാളെ പോളിങ് ബൂത്തിലേക്ക് പോകുന്നത്.
പരസ്യപ്രചാരണ വേളയിൽ കൊണ്ടും കൊടുത്തും മുന്നേറിയ മുന്നണികൾ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലാണ്. അവസാനവട്ട അടിയൊഴുക്കും തങ്ങൾക്ക് അനുകൂലമാക്കാനുള്ള തിരക്കിട്ട പരിശ്രമത്തിലാണ് സ്ഥാനാർത്ഥികളും. ചാഞ്ചാടി നിൽക്കുന്ന വോട്ടർമാരെക്കാണാനും പ്രചാരണത്തിനിടയിൽ വിട്ടുപോയ മേഖലകളിൽ ഓടിയെത്താനും സ്ഥാനാർത്ഥികളും കക്ഷികളും ഇന്ന് സമയം കണ്ടെത്തും.
20 ലോക്‌സഭാ മണ്ഡലങ്ങളിലായി 227 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. 1,34,66,521 സ്ത്രീ വോട്ടർമാരും 1,26,84,839 പുരുഷ വോട്ടർമാരും 174 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടെ 2,61,51,543 വോട്ടർമാർ സംസ്ഥാനത്തുണ്ട്. 2,88,191 കന്നി വോട്ടർമാരും ഇത്തവണയുണ്ട്. 24,970 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്ന് ഉച്ചയോടെ പൂർത്തിയാക്കും. നാളെ രാവിലെ 7 മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. കേരളം ഉൾപ്പെടെ പതിനാല് സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും 116 സീറ്റുകളിലേക്കാണ് നാളെ വേട്ടെടുപ്പ് നടക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here