ശ്രീലങ്കയിൽ അടിയന്തരാവസ്ഥ

സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് മൈത്രിപാല സിനിസേനയാണ് ഇന്ന് അർദ്ധരാത്രി മുതൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സ്‌ഫോടനത്തിന് പിന്നിൽ തീവ്രവാദ സംഘടനയായ തൗഹീദ് ജമാഅത്താണെന്ന് സർക്കാർ ആരോപിച്ചു. ശ്രീലങ്കയിൽ പ്രദേശിക തലത്തിൽ സംഘടനയ്ക്ക് സ്വാധീനമുണ്ടെന്നും സർക്കാർ വ്യക്തമാക്കുന്നു.
ആഗോള ഭീകരസംഘടനയായ ഐഎസ്ഐഎസിന്റെ സഹായം ലഭിക്കുന്ന പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളിൽപ്പെടുന്നതാണ് നാഷണൽ തൗഹീദ് ജമാ അത്ത് (എസ്എൽടിജെ) എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം രാജ്യത്തെ ബുദ്ധമത ആരാധനാകേന്ദ്രങ്ങളിലെ പ്രതിമകൾ വ്യാപകമായി നശിപ്പിച്ചതോടെയാണ് എൻടിജെ സംഘടന ശ്രദ്ധാകേന്ദ്രമാകുന്നത്. ശ്രീലങ്കൻ തൗഹീദ് ജമാഅത്തിന് രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയിൽ നിർണായക സ്വാധീനമുണ്ട്.
സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് സഹായങ്ങൾ നൽകിയതിന് 24 പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. റെയ്ഡുകളും അന്വേഷണവും സർക്കാർ ഊർജിതമാക്കിയിട്ടുണ്ട്. പ്രസിഡന്റ് മൈത്രിപാല സിരിസേന ദേശീയ സുരക്ഷാ കൗൺസിൽ യോഗം വിളിച്ചു. തലസ്ഥാനത്ത് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഈസറ്റർ ദിനമായ ഇന്നലെയാണ് ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ എട്ടിടങ്ങളിൽ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ 290 പേർ മരിച്ചതായാണ് വിവരം. അഞ്ഞൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിൽ കാസർഗോഡ് സ്വദേശിനിയും കൊല്ലപ്പെട്ടിരുന്നു. ഇന്നലെ രാവിലെ പ്രാദേശിക സമയം 8.45 ഓടെയാണ് കൊളംബോയിൽ ആറിടങ്ങളിൽ സ്‌ഫോടനം നടന്നത്. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചർച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യൻ ചർച്ച്, ബാറ്റിക്കലോവ ചർച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമൺ ഗ്രാൻഡ്, കിങ്‌സ്ബറി എന്നീ ഹോട്ടലുകളിലുമാണ് സ്ഫോടനങ്ങളുണ്ടായത്. ഇതിന് പിന്നാലെ ഉച്ചയോടെ രണ്ടിടങ്ങളിലും സ്‌ഫോടനം നടന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here