സൗദിയില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ പതിമൂന്നു പേര്‍ പിടിയില്‍

സൗദിയില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട് പതിമൂന്നു പേര്‍ പിടിയില്‍. പിടിയിലായ ഭീകരവാദികളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ഐസിസ് തീവ്രവാദികളാണ് ഭീകരാക്രമണത്തിനു പദ്ധതിയിട്ടതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമാക്കി.

സൗദിയിലെ റിയാദിനടുത്ത് ഇന്നലെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ നാല് ഭീകരവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഭീകരവാദ കേസുകളില്‍ ഇന്ന് പതിമൂന്നു പേര്‍ അറസ്റ്റിലായതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റിയാദിനടുത്ത് സുല്‍ഫിയില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആസ്ഥാനത്ത് ആക്രമണം നടത്തുകയായിരുന്നു ഭീകരവാദികളുടെ പദ്ധതി. ഐ.സി.സ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടവര്‍. ഇവരുടെ പേരു വിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടു. അബ്ദുള്ള ഹമൂദ്, അബ്ദുള്ള ഇബ്രാഹീം അല്‍ മന്‍സൂര്‍, സാമിര്‍ അബ്ദുല്‍ അസീസ് അല്‍ മാദിദ്, സല്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ മാദിദ് എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

ഭീകരവാദികളില്‍ ചിലരുടെ താമസ സ്ഥലം പോലീസ് കണ്ടെത്തി. ആയുധങ്ങളും മാരക സ്‌ഫോടക വസ്തുക്കളും ഇവിടെ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. സ്‌ഫോടക വസ്തുക്കളും, ബെല്‍റ്റ് ബോംബും നിര്‍മിക്കുന്ന കേന്ദ്രവും പരിശോധനയില്‍ കണ്ടെത്തി. അഞ്ച് ബെല്‍റ്റ് ബോംബുകള്‍, അറുപത്തിനാല് ഗ്രനൈഡുകള്‍, പൈപ്പ് ബോംബുകള്‍, മെഷിന്‍ ഗണ്ണുകള്‍, കൈതോക്കുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. എ.ടി.എം കാര്‍ഡുകള്‍, തിരിച്ചറിയല്‍ രേഖകള്‍, ഭീകരവാദ സംഘടനകളുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങള്‍, സി.ഡികള്‍ തുടങ്ങിയവയും പരിശോധനയില്‍ കണ്ടെത്തി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More