തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങി തിരുവനന്തപുരം

അറിഞ്ഞുചെയ്യാം വോട്ട്- 20

നിങ്ങളുടെ ലോക്സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്ര വിവരങ്ങളടങ്ങിയ പ്രത്യേക പംക്തി

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധി എഴുതാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. സംസ്ഥാനത്ത് നാളെയാണ് വോട്ടെടുപ്പ്. പരസ്യ പ്രചാരണം ഇന്നലെ അവാസാനിച്ചിരുന്നു. വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെല്ലാം അന്തിമ  പോരാട്ടത്തിന് ഒരുങ്ങിക്കഴിഞ്ഞു. തിരുവനന്തപുരവും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്.

തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, കോവളം, നെയ്യാറ്റിന്‍കര, പാറശാല എന്നീ എഴ് നിയമസഭാ മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്നത്. ഓരോ തെരഞ്ഞെടുപ്പുകളിലും വ്യക്തമായ രാഷ്ട്രീയം സൂക്ഷിക്കുന്നുണ്ട് മണ്ഡലം. 1957 മുതലുള്ള മണ്ഡലത്തിലെ വിവിധ ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ പരിശോധിക്കുമ്പോള്‍ കൂടുതല്‍ തവണയും വലത്തുപക്ഷത്തെയാണ് മണ്ഡലം പിന്തുണച്ചതെന്ന് വ്യക്തം. 57- മുതല്‍ നടന്നിട്ടുള്ള 16 തെരഞ്ഞെടുപ്പുകളില്‍ ഒമ്പത് തവണ വലത്തുപക്ഷത്തെ അനുകൂലിച്ച് മണ്ഡലം വിധി എഴുതി.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നടന്നിട്ടുള്ള വിവിധ പൊതു തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിക്കാം. 1957- ല്‍ നടന്ന പാര്‍ലെന്റ് ഇലക്ഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഈശ്വര അയ്യരാണ് വിജയം നേടിയത്. 62- ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി എസ് നടരാജപിള്ള വിജയിച്ചു. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പി വിശ്വംബരനാണ് 1967-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്നും വിജയം നേടിയത്. 1971- ല്‍ വി കെ കൃഷ്ണമനോനിലൂടെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് മണ്ഡലത്തില്‍ വിജയം നേടി. 77- ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ സിപിഐയുടെ എം എന്‍ ഗോവിന്ദന്‍ നായര്‍ക്ക് അനുകൂലമായിട്ടാണ് മണ്ഡലം വിധി എഴുതിയത്.

1980- ല്‍ നീലലോഹിതദാസന്‍ നാടാര്‍ ആയിരുന്നു തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും വിജയം നേടി പാര്‍ലമെന്റിലെത്തിയത്. 1984- മുതല്‍ 91 വരെ നടന്ന മൂന്ന് പൊതു തെരഞ്ഞെടുപ്പുകളിലും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ എ ചാള്‍സിലൂടെ യുഡിഎഫ് മണ്ഡലത്തില്‍ നിലയുറപ്പിച്ചു. എന്നാല്‍ 1986 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐയുടെ കെ വി സുരേന്ദ്രനാഥിന് അനുകൂലമായിരുന്നു മണ്ഡലത്തിന്റെ വിധി. തുടര്‍ന്ന് 98- ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ കെ കരുണാകരനിലൂടെ വീണ്ടും യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ വി എസ് ശിവകുമാറിലൂടെ അടുത്ത തെരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ വലത്തുപക്ഷത്തിന് അനുകൂലമായി വിധി എഴുതപ്പെട്ടു.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ 2004- ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഇടത്തുപക്ഷ സ്ഥാനാര്‍ത്ഥി പി കെ വാസുദേവന്‍ നായരാണ് വിജയം നേടിയത്. തുടര്‍ന്ന് 2005- ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും ഇടത്തുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പന്ന്യന്‍ രവീന്ദ്രനാണ് വിജയം നേടിയത്. എന്നാല്‍ 2009- ലും 2014 ലും നടന്ന രണ്ട് പാര്‍ലമെന്റ് ഇലര്ശനിലും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ ശശി തരൂരിലൂടെ വലത്തുപക്ഷം മണ്ഡലത്തില്‍ അധികാരത്തിലെത്തി.

ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടത്തിനു തന്നെയാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം വേദിയാകുന്നത്. മൂന്ന് മുന്നണികളുടെയും സ്ഥാനര്‍ത്ഥികള്‍ മണ്ഡലത്തില്‍ ശക്തം തന്നെ. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ ശശി തരൂര്‍ തന്നെയാണ് മണ്ഡലത്തില്‍ മൂന്നാം അങ്കത്തിനിറങ്ങുന്നത്. മണ്ഡലത്തിലെ വികസന നേട്ടങ്ങള്‍ തന്നെയാണ് വലത്തുപക്ഷം പ്രചരണ രംഗത്ത് ശക്തമായി ഉപയോഗിച്ചതും. സിപിഐയുടെ സി ദിവാകരനാണ് ഇത്തവണത്തെ ഇടത്തുപക്ഷ സ്ഥാനാര്‍ത്ഥി. കുമ്മനം രാജശേഖരനാണ് മണ്ഡലത്തിലെ എന്‍ഡി എ സ്ഥാനാര്‍ത്ഥി. ഒളിഞ്ഞും തെളിഞ്ഞും ശബരിമല സ്ത്രീ പ്രവേശനം എന്‍ഡിഎ പ്രചരണസമയത്ത് നന്നായി വിനിയോഗിച്ചിരുന്നു.

2014 ലെക്‌സഭാ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തി നോക്കാം. മണ്ഡലത്തിലെ ആകെ വോട്ടിന്റെ 34.09 ശതമാനമാണ് കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ നേടിയത്. അതായത് 2,97,806 വോട്ട്. അതേസമയം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ആയിരുന്നു മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ ആകെ വോട്ടിന്റെ 32.32 ശതമാനം  നേടി. അതായത് 2,82,336 വോട്ട്. ഇടത്തുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബെനറ്റ് അബ്രാഹം കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ 2,48,941 വോട്ടുകള്ളാണ് മണ്ഡലത്തില്‍ നിന്നും നേടിയത്. 15,470 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ മണ്ഡലത്തില്‍ വിജയിച്ചത്. അതേസമയം 2009- ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ 99,998 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫിന്റെ വിജയം.

കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കോവളം എന്നീ മണ്ഡലങ്ങള്‍ യുഡിഎഫിനെയാണ് പിന്തുണച്ചിരിക്കുന്നതെന്ന് വ്യക്തം. നേമം നിയമ സഭാ മണ്ഡലത്തില്‍ ബിജെപിയാണ് നേട്ടം കൊയ്തത്. കഴക്കൂട്ടം, നെയ്യാറ്റിന്‍കര, പാറശാല എന്നീ മണ്ഡലങ്ങള്‍ എല്‍ഡിഎഫിനോടും കൂറ് പുലര്‍ത്തിയിരിക്കുന്നു. 6,43,939 പുരുഷ വോട്ടര്‍മാരും 6,90,695 വനിതാ വോട്ടര്‍മാരും 31 തേര്‍ഡ് ജെന്‍ഡര്‍ വോട്ടര്‍മാരുമടക്കം 13,34,665 വോട്ടര്‍മാരാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ആകെയുള്ളത്.

നിങ്ങളുടെ ലോക്സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്ര വിവരങ്ങളടങ്ങിയ പ്രത്യേക പംക്തി അറിഞ്ഞുചെയ്യാം വോട്ട് നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More