ചെന്നൈ സൂപ്പർ കിംഗ്സ് എന്ന മഹേന്ദ്ര സിംഗ് ധോണി

ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും സ്ഥിരതയുള്ള ടീമാണ്. കളിച്ച എല്ലാ സീസണുകളിലും പ്ലേ ഓഫിലെത്തിയ ഒരേ ഒരു ടീം. ഏറ്റവുമധികം കിരീടങ്ങൾ മുംബൈ ഇന്ത്യൻസിനൊപ്പം പങ്കിടുന്ന ചെന്നൈ മുംബൈക്കൊപ്പം ഏറ്റവുമധികം ആരാധക പിന്തുണയുള്ള ടീം കൂടിയാണ്. രണ്ട് കൊല്ലത്തെ വിലക്ക് കഴിഞ്ഞ് തിരികെയെത്തിയ ചെന്നൈ കിഴവൻ സംഘമെന്ന പരിഹാസത്തെ കിരീടം ചൂടിയാണ് നേരിട്ടത്.
ഈ സീസണിലും ചെന്നൈ തുടങ്ങിയത് വളരെ ഗംഭീരമായാണ്. പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനം ചെന്നൈക്ക് നഷ്ടമായത് ഇന്നലെയായിരുന്നു. ഡൽഹി ക്യാപിറ്റൽസ് ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരെ വിജയിച്ചപ്പോൾ ചെന്നൈ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കിറങ്ങി. 10 മത്സരങ്ങളിൽ ഏഴ് ജയവും മൂന്ന് തോൽവിയുമടക്കം 14 പോയിൻ്റുള്ള ചെന്നൈ മുൻപെങ്ങുമില്ലാത്ത വിധം ഒരു വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. എംഎസ് ധോണിയൊഴികെ മറ്റൊരു താരവും ബാറ്റിംഗിൽ ചെന്നൈക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്നത് അവരുടെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണ്.
ഏഴ് ഇന്നിംഗ്സുകളിൽ നിന്നും അമ്പരപ്പിക്കുന്ന 104.67 ശരാശരിയിൽ 314 റൺസ് സ്കോർ ചെയ്ത ധോണി ടോപ്പ് റൺ സ്കോറർമാരിൽ ഒരുപാട് മുകളിലാണ്. രണ്ടാം സ്ഥാനത്തുള്ള സുരേഷ് റെയ്ന 10 മത്സരങ്ങളിൽ നിന്ന് സ്കോർ ചെയ്തത് 23 ശരാശരിയിൽ വെറും 207 റൺസാണ് എന്നത് കൂട്ടി വായിക്കുമ്പോൾ ചെന്നൈക്കു വേണ്ടി ഈ സീസണിൽ ധോണി എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്നതിൻ്റെ വ്യക്തമായ ചിത്രം കിട്ടും. ബാറ്റിംഗ് ഓർഡറിൽ നാലാമതും അഞ്ചാമതും ഇറങ്ങുന്ന ഒരു താരം വളരെ ആധികാരികമായി ടീമിൻ്റെ ടോപ്പ് റൺ സ്കോറർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്നു എന്ന് പറയുമ്പോൾ തന്നെ ടീമിൻ്റെ അവസ്ഥയെപ്പറ്റി വ്യക്തമായ ചിത്രം ലഭിക്കുന്നു.
ഓപ്പണർ ഷെയിൻ വാട്സൺ വളരെ മോശം ഫോമിലാണ്. ഒരു പക്ഷേ, ഐപിഎൽ ചരിത്രത്തിലെ തന്നെ മോശം ഫോമിലാണ് വാട്സൺ. 10 മത്സരങ്ങളിൽ നിന്നും 147 റൺസ് മാത്രമാണ് ഇതുവരെ വാട്സൺ നേടിയത്. ടോപ്പ് ഓർഡറിൽ അമ്പാട്ടി റായുഡു 192 റൺസുമായും ഫാഫ് ഡുപ്ലെസിസ് 178 റൺസുമായും പതറുകയാണ്. അതേ സമയം, ഫാഫിൻ്റെ 178 റൺസ് 6 മത്സരങ്ങളിൽ നിന്നാണെന്നത് പരിഗണിക്കേണ്ടുന്ന ഒന്നാണ്. സത്യത്തിൽ ധോണിയെക്കൂടാതെ ബാറ്റിംഗ് ഡിപ്പാർട്ട്മെൻ്റിൽ അധ്വാനിക്കുന്ന ഒരേയൊരു താരവും ഫാഫ് തന്നെയാണ്.
ധോണിക്ക് മൂന്ന് അർദ്ധസെഞ്ചുറികളുണ്ട്. റായുഡുവിനും റെയ്നയ്ക്കും ഡുപ്ലെസിസിനും കേദാറിനും ഓരോന്ന് വീതം. വളരെ അസ്ഥിരമായ ഒരു ബാറ്റിംഗ് നിരയും കൊണ്ടാണ് 10ൽ ഏഴ് ജയവുമായി ചെന്നൈ പോയിൻ്റ് പട്ടികയിൽ രണ്ടാമത് നിൽക്കുനത്. അതിന് നന്ദി പറയേണ്ടത് ധോണിയോട് തന്നെയാണ്. വളരെ മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ കൊണ്ട് ടീമിനെ രക്ഷിച്ചു പോരുന്നു എന്നത് മാത്രമല്ല, മറിച്ച് ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ധോണിയുടെ അസാമാന്യ സ്കില്ലുകളും ചെന്നൈയെ സംരക്ഷിച്ചു നിർത്തുന്നുണ്ട്. തൻ്റെ ബൗളർമാരെ സമർദ്ധമായി ഉപയോഗിക്കുന്ന ധോണി ടീമിലെ ഏറ്റവും മികച്ച ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് ബൗളർ ബ്രാവോ ഇല്ലാതിരുന്ന മത്സരങ്ങളിൽ പോലും അദ്ദേഹത്തിൻ്റെ കുറവറിയാതെ ടീമിനെ നയിച്ചു.
ഇമ്രാൻ താഹിറും ഹർഭജൻ സിംഗും എപ്പോൾ പന്തെറിയണമെന്നും ഏതൊക്കെ കളികളിൽ പകരം വെക്കപ്പെടണമെന്നും ധോണിക്ക് വ്യക്തമായ ധാരണയുണ്ട്. ദീപക് ചഹാറിൽ ഒരു ഡെത്ത് ഓവർ ബൗളറുണ്ടെന്ന് മനസ്സിലാക്കിയ ധോണി ചഹാറിനെ അങ്ങനെ ഉപയോഗിക്കുന്നത് മറ്റു ക്യാപ്റ്റന്മാർക്ക് ഒരു പാഠമാണ്. ലിമിറ്റഡ് റിസോഴ്സസിൽ നിന്നും മാക്സിമം ഔട്ട്പുട്ടെടുക്കുക എന്ന തന്ത്രം വളരെ മനോഹരമായി ധോണി നടപ്പിലാക്കുന്നു.
എന്നാൽ ലീഗ് അതിൻ്റെ ബിസിനസ് എൻഡിലേക്ക് കടക്കുമ്പോൾ ചെന്നൈക്ക് കാര്യങ്ങൾ അത്ര ശുഭകരമല്ല. തുടർച്ചയായി പരാജയപ്പെടുന്ന ഷെയിൻ വാട്സൺ ഒരു തലവേദനയാണ്. സാം ബില്ലിംഗ്സ്, മുരളി വിജയ്, ധ്രുവ് ഷോറേ തുടങ്ങിയ കളിക്കാർ ബെഞ്ചിലിരിക്കുമ്പോൾ മാറിപ്പരീക്ഷിക്കാൻ ചെന്നൈ മാനേജ്മെൻ്റ് തയ്യാറാകുമോ എന്നാണറിയേണ്ടത്. എന്നാൽ മേല്പറഞ്ഞവരെല്ലാം ഫോമായാൽ ഒറ്റക്ക് കളി നിയന്ത്രിക്കാൻ കഴിവുള്ള താരങ്ങളാണെന്നതു കൊണ്ട് തന്നെ ഈ പ്ലെയിംഗ് ഇലവനിൽ ധോണി വിശ്വാസമർപ്പിക്കുമെന്ന് തന്നെയാണ് തോന്നുന്നത്.
എന്തായാലും ധോണിയുടെ തന്ത്രങ്ങളെ കൗണ്ടർ ചെയ്യാൻ കഴിവുള്ള ക്യാപ്റ്റന്മാർ പോലും വിരളമായിരിക്കെ അദ്ദേഹത്തെ അനലൈസ് ചെയ്ത് തിരുത്താനും നമുക്കാവില്ല. കാരണം ധോണി, ധോണിയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here