ബിജെപിക്ക് വോട്ടു ചെയ്യാൻ കേന്ദ്ര സേന ആവശ്യപ്പെട്ടുവെന്ന ആരോപണവുമായി മമത

ബിജെപിക്ക് വോട്ടുചെയ്യണമെന്ന് ജനങ്ങളോട് കേന്ദ്ര സേന ആവശ്യപ്പെട്ടെന്ന ആരോപണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മാൽദഹ ദക്ഷിൻ, ബലൂർഘട്ട് ലോകസഭാ മണ്ഡലങ്ങളിൽ കേന്ദ്രസേന ബിജെപിക്കുവേണ്ടി വോട്ട് തേടിയെന്നാണ് തൃണമൂൽ നേതാവു കൂടിയായ മമത ആരോപിച്ചത്. സംഭവം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.
പോളിംഗ് ബൂത്തുകൾക്കുള്ളിൽ കടന്നിരുന്ന കേന്ദ്രസേനയിലെ അംഗങ്ങൾ വോട്ടർമാരോട് ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇവർക്ക് ഇത്തരത്തിൽ ചെയ്യാനുള്ള അധികാരമില്ല. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ വിവരം അറിയിച്ചതായും മമത പറഞ്ഞു. പോലീസ് പോളിംഗ് ബൂത്തുകളിൽ പ്രവേശിച്ചിട്ടില്ല. കേന്ദ്രസേന എന്തുകൊണ്ടാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും മമത ചോദിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എത്തുന്ന കേന്ദ്രസേന സംസ്ഥാന സേനയെ സഹായിക്കുന്നതിനാണ് പ്രവർത്തിക്കേണ്ടത്. അതിനു ശേഷം മടങ്ങണം- മമത ചൂണ്ടിക്കാട്ടി.
ബിജെപി കേന്ദ്രസേനയെ ഉപയോഗിക്കുകയാണെന്ന് മമത കുറ്റപ്പെടുത്തി. നിങ്ങൾക്ക് കേന്ദ്രസേനയെ ഉപയോഗിക്കാനാകില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ഇതേ പ്രവർത്തിയാണ് നിങ്ങൾ ചെയ്തത്. തങ്ങൾ ഇത് മറക്കില്ലെന്നും മമത പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here