സലാഹ് ലിവർപൂൾ വിടുന്നു; റയലിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ട്

ലിവർപൂളിൻ്റെ ഈജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ് സലാഹ് ക്ലബ് വിടുന്നുവെന്ന് റിപ്പോർട്ട്. ഫ്രഞ്ച് മാധ്യമമായ ടെലിഫൂട്ടാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മാനേജർ യുർഗൻ ക്ലോപ്പുമായുള്ള ബന്ധം വഷളായതിനെതുടർന്നാണ് സലാഹ് ക്ലബ് വിടാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. സമ്മർ ട്രാൻസ്ഫറിൽ സലാഹ് ലിവർപൂൾ വിട്ട് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്നും ടെലിഫൂട്ട് റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ സലാഹ് ക്ലബ് വിടുന്നു എന്ന റിപ്പോർട്ടുകൾ നിഷേധിച്ച് അദ്ദേഹത്തിൻ്റെ ഏജൻ്റ് റാമി അബ്ബാസ് ഇസ്സ രംഗത്ത് വന്നിരുന്നു. എന്നാൽ വീണ്ടും ഇക്കാര്യം ഉയർത്തിയാണ് ഫ്രഞ്ച് മാധ്യമം റിപ്പോർട്ട് നൽകിയിരിക്കുന്നത്. സീസൺ ആരംഭത്തിലെ ഫോം സലാഹിനു നഷ്ടമായത് അദ്ദേഹത്തിന് സമ്മർദ്ദമുണ്ടാക്കിയെന്ന് ടെലിഫൂട്ട് പറയുന്നു.
അതേ സമയം, സമ്മർ ട്രാൻസ്ഫറിൽ ചെൽസിയുടെ ബെൽജിയം താരം ഏദൻ ഹസാർഡ് റയലിലേക്കെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് തന്നെ സലാഹിൻ്റെ കൂടുമാറ്റം അഭ്യൂഹങ്ങൾ മാത്രമാണെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here