മോദിയുടെ ഹെലികോപ്റ്റർ പരിശോധിച്ച ഉദ്യോഗസ്ഥന്റെ സസ്പൻഷനു സ്റ്റേ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്റർ പരിശോധിച്ച തെരഞ്ഞെടുപ്പ് നിരീക്ഷകനും ഐഎഎസ് ഉദ്യോഗസ്ഥനുമായ മൊഹമ്മദ് മൊഹ്സീനെ സസ്പെൻഡ് ചെയ്ത നടപടിക്കു സ്റ്റേ. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെയാണു നടപടി.
എന്തിനും ഏതിനും എസ്പിജിക്ക് അധികാരമുണ്ടെന്നു പറയാനാകില്ലെന്ന് സസ്പെൻഷൻ സ്റ്റേ ചെയ്തു കൊണ്ട് ട്രൈബ്യൂണൽ വ്യക്തമാക്കി. കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ വാഹനങ്ങൾ ഒന്നിലേറെ തവണയും ഒഡീഷ മുഖ്യമന്ത്രിയുടെ വാഹനം ഒരു തവണയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചിട്ടും നടപടിയൊന്നും സ്വീകരിച്ചിരുന്നില്ലെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിലെ ദുരൂഹ പെട്ടികൾ കടത്തിയതു സംബന്ധിച്ചും ട്രൈബ്യൂണൽ ചോദ്യങ്ങൾ ഉയർത്തി. ഇതു സംബന്ധിച്ച് സംശയങ്ങൾ ഉയർന്നെങ്കിലും അതിനനുസരിച്ചുള്ള നടപടികൾ ഉണ്ടായില്ലെന്ന് ട്രൈബ്യൂണൽ കുറ്റപ്പെടുത്തി. വിഷയങ്ങളിൽ മൂന്നാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ ട്രൈബ്യൂണൽ തെരഞ്ഞെടുപ്പ് കമ്മീഷനോടും സസ്പെൻഷനിലായ ഉദ്യോഗസ്ഥനോടും നിർദേശിച്ചു.
ഒഡീഷയിലെ സാംബർപുർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു നിരീക്ഷകനും കർണാടക കേഡർ ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്നു മൊഹമ്മദ് മൊഹ്സീൻ. ഇയാളെയാണ് മോദിയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയതിന്റെ പേരിൽ തെരഞ്ഞെടുപ് കമ്മീഷൻ സസ്പെൻഡ് ചെയ്തത്. പ്രധാനമന്ത്രിക്കു സുരക്ഷയൊരുക്കുന്ന എസ്പിജി ഉദ്യോഗസ്ഥരുടെ നിർദേശം പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
കർണാടകയിലെ ചിത്രദുർഗയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മോദിയുടെ ഹെലികോപ്റ്ററിൽനിന്നു പെട്ടി കടത്തിയ സംഭവം വെളിപ്പെട്ടതിനു പിന്നാലെയാണ് ഒഡീഷയിൽ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിൽ പരിശോധന നടന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here