Advertisement

ഐപിഎൽ ചിയർലീഡർമാർ; ഗ്രൗണ്ടിലെ ആരവങ്ങൾക്കപ്പുറം അവരുടെ ജീവിതം

April 26, 2019
Google News 1 minute Read

ചിയർലീഡേഴ്സിലാതെ എന്ത് ഐപിഎൽ? കഴിഞ്ഞ ഏതാനും സീസണുകളിലായി ഇവരെ ക്യാമറ ക്യാപ്ചർ ചെയ്യുന്നത് കുറഞ്ഞിട്ടുണ്ടെങ്കിലും ചിയർ ലീഡർമാർ ആ സ്റ്റേഡിയത്തിലുണ്ടാവും. ഓരോ ബൗണ്ടറിക്കും ഓരോ വിക്കറ്റിനും ചടുലമായി ചുവടുകൾ വെച്ച് തങ്ങളുടെ ടീമിനെ ഉത്തേജിപ്പിക്കുന്നത് നമ്മൾ കാണാറുണ്ട്. അതിനപ്പുറം ചിയർ ലീഡർമാരുടെ ജീവിതം എങ്ങനെയാവുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അമേരിക്ക, അയർലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ ചിയർലീഡർമാരും ഐപിഎല്ലിലേക്കെത്തുന്നത്. പലരും ഈ ജോലി തിരഞ്ഞെടുക്കുന്നത് നൃത്തത്തോടുള്ള പാഷൻ കൊണ്ടാണ്. അവർക്ക് ലഭിക്കുന്ന പ്രതിഫലമൊക്കെ വളരെ കുറവാണ്. മുംബൈയിലെയും ബാംഗ്ലൂരിലെയുമൊക്കെ ഏജൻസികൾ വഴിയാണ് ഇവർ ഇന്ത്യയിൽ, ഐപിഎല്ലിലെത്തുന്നത്. തുടർന്ന് ഓരോ ടീമിനും ഓരോ സെറ്റ് ചിലർ ലീഡർമാർ. താമസവും ഭക്ഷണവുമൊക്കെ ഏജൻ്റുമാരാണ് നോക്കുന്നത്.

ഏജൻ്റുമാർ കാശ് വാങ്ങി കീശയിലാക്കി ഇവരെ താമസിപ്പിക്കുന്നത് വില കുറഞ്ഞ ഹോട്ടലുകളിലാണ്. എലിയും പാറ്റയുമൊക്കെ സ്വൈര്യവിഹാരം നടത്തുന്ന ഹോട്ടൽ മുറികൾ. തുടർന്ന് ഇതിനെപ്പറ്റി പരാതിപ്പെട്ടതിനു ശേഷമാണ് ഇവർക്ക് മെച്ചപ്പെട്ട താമസസൗകര്യമൊരുക്കാൻ ഏജൻ്റുമാർ തയാറായത്.

ജോലി ചെയ്യുന്നവരും പഠിക്കുന്നവരും ജോലി ചെയ്തു കൊണ്ടിരുന്നവരും ബിരുദധാരികളുമൊക്കെ ഈ പെൺകുട്ടികളുടെ കൂട്ടത്തിലുണ്ട്. ഇവർ പരീക്ഷിക്കപ്പെടുന്നത് കോസ്റ്റ്യൂം വിഭാഗത്തിലാണ്. “കോസ്റ്റ്യൂമാണ് ഏറ്റവും വലിയ ഡ്രാമ. എനിക്ക് പഴയ കോസ്റ്റ്യൂമായിരുന്നു ഇഷ്ടം. പക്ഷേ, മുതലാളിയുടെ 13 വയസ്സുള്ള മകൾക്ക് ഡിസൈനറാവാൻ മോഹമുദിക്കുകയും ഞങ്ങളുടെ പുതിയ ഉടുപ്പുകൾ ഡിസൈൻ ചെയ്യുകയും ചെയ്തു. ആ ഉടുപ്പ് ഞങ്ങൾക്ക് തീരെ ഇഷ്ടമായില്ല.”- ചിയർ ലീഡർമാരിലൊരാൾ പറയുന്നു.

ചിയർലീഡർമാരിൽ കൂടുതലും വിദേശികളാണ്. ഒന്നോ രണ്ടോ ഇന്ത്യൻ ചിയർലീഡർമാർ മാത്രമേ ആകെ ഐപിഎൽ കണക്കിലെടുത്താൽ ഉണ്ടാവൂ. അതും ഇവർക്ക് വെറുപ്പുണ്ടാക്കുന്നുണ്ട്. “ഞാൻ റേസിസം വെറുക്കുന്നു. എന്തുകൊണ്ടാണ് അധികവും വെളുത്ത വർഗക്കാർ? ഞങ്ങൾ കുഞ്ഞുടുപ്പിട്ടാൽ കുഴപ്പമില്ലെന്ന് ഇന്ത്യക്കാർ വിചാരിക്കുന്നു. എന്നാൽ അവരുടെ പെണ്ണുങ്ങളിട്ടാൽ പ്രശ്നം. ഇതൊന്നും ശരിയല്ല”- അവർ പറയുന്നു.

മത്സരത്തിനിടെ കമൻ്റടിക്കുന്നവരും അശ്ലീല പരാമർശം നടത്തുന്നവരും സെക്സിസ്റ്റ് ആംഗ്യം കാണിക്കുന്നവരുമൊക്കെയുണ്ട്. അവരെ പക്ഷേ, ചിയർഗേൾസ് അവഗണിക്കും. സ്റ്റേഡിയത്തിലെ ആരവവും പാട്ടിൻ്റെ ശബ്ദവും പലപ്പോഴും അത്തരം ആളുകളുടെ ശബ്ദം തടയുമെങ്കിലും അവരുടെ ആംഗ്യങ്ങളെ അവഗണിക്കുന്നത് ആ ഭാഗത്ത് വലിയ ശ്രദ്ധ കൊടുക്കാതെയാണ്. ഇവരെ ഉപദ്രവിക്കുന്നവരും കുറവല്ല. ബോട്ടിലുകളും കഴിച്ച ഭക്ഷണപ്പൊതികളും ഇവരുടെ നേർക്കെറിയുന്നതും സർവ്വസാധാരണയാണ്.

ഇവരുടെ നാട്ടിൽ തെരുവു നൃത്തം അവതരിപ്പിക്കുമ്പോൾ കാണികൾക്ക് ഇവർ ഡാൻസേഴ്സ് മാത്രമാണ്. എന്നാൽ ഇവിടെയാണെങ്കിൽ ഡാൻസേഴ്സിലുപരി ഒരു സെക്സ് ഒബ്ജക്ട് എന്ന തരത്തിലാണ് ഏജൻ്റുമാർ തങ്ങളോട് പെരുമാറുന്നതെന്ന് ഇവർ പറയുന്നു. ഇക്കാര്യങ്ങളൊക്കെ ശരിയായില്ലെങ്കിൽ ഇനിയൊരു വട്ടം കൂടി ഇന്ത്യയിലേക്ക് ചിയർലീഡരായി വരാൻ ഇവർക്ക് താത്പര്യവുമില്ല. നൃത്തം കരിയറായി എടുക്കുന്നവരോട് ഇവർക്ക് ഒരു അഭ്യർത്ഥനയുണ്ട്: “ഒരിക്കലും ചിയർലീഡിംഗ് ഒരു കരിയർ ഓപ്ഷനായി എടുക്കരുത്. നൃത്തം പഠിച്ച് നല്ല ജോലികൾ നോക്കുക.”

ഐപിഎൽ വളരെ വലിയ ഒരു പ്ലാറ്റ്ഫോമാണ്. ബിഗ് ബാഷ് ലീഗിനൊപ്പം ചേർത്തു വെക്കാവുന്ന ഒരു ക്രിക്കറ്റ് മാമാങ്കം. അവിടെയാണ് ഈ പെൺകുട്ടികൾ ഇത്തരത്തിൽ ജീവിതം മുന്നോട്ടു നീക്കുന്നത്. ടെലിവിഷൻ സ്ക്രീനിൽ മിന്നിമറയുന്ന ഫ്രെയിമുകൾകപ്പുറം ഇവർക്കും ജീവിതമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here