Advertisement

മാജിക് സ്പെല്ലുമായി സാന്റ്നർ; ഫിഫ്റ്റിയടിച്ച് രോഹിത്: ചെന്നൈക്ക് 156 റൺസ് വിജയലക്ഷ്യം

April 26, 2019
Google News 0 minutes Read

മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 156 റൺസ് വിജയലക്ഷ്യം. ഈ സീസണിലെ ആദ്യ അർദ്ധസെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഇന്നിംഗ്സാണ് മുംബൈയെ മാന്യമായ സ്കോറിലെത്തിച്ചത്. രണ്ട് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സാൻ്റ്നറാണ് ചെന്നൈക്കു വേണ്ടി തിളങ്ങിയത്.

15 റൺസെടുത്ത് പുറത്തായ ഓപ്പണർ ക്വിൻ്റൺ ഡികോക്കിനു പിന്നാലെ ക്രീസിലെത്തിയ എവിൻ ലൂയിസ് ക്യാപ്റ്റന് ഉറച്ച പിന്തുണ നൽകി. എന്നാൽ സ്പിന്നർമാരിലൂടെ മധ്യ ഓവറുകളിൽ മുംബൈ ബാറ്റ്സ്മാന്മാരെ ചെന്നൈ ക്രീസിൽ കെട്ടിയിട്ടതോടെ റൺ നിരക്ക് താഴ്ന്നു.  13ആം ഓവറിൽ മിച്ചൽ സാൻ്റ്നറിന് ആദ്യ വിക്കറ്റ് സമ്മാനിച്ച് ലൂയിസും അടുത്ത ഓവറിൽ താഹിറിന് വിക്കറ്റ് സമ്മാനിച്ച് കൃണാൽ പാണ്ഡ്യയും മടങ്ങി. 30 പന്തുകളിൽ മൂന്ന് ബൗണ്ടറികളും ഒരു സിക്സറുമടക്കം 32 റൺസായിരുന്നു ലൂയിസിൻ്റെ സമ്പാദ്യം.

ഇതിനിടെ 37 പന്തുകളിൽ സീസണിലെ തൻ്റെ ആദ്യ അർദ്ധസെഞ്ചുറി കണ്ടെത്തിയ രോഹിത് സാവധാനം സ്കോറിംഗ് ഉയർത്താൻ തുടങ്ങി. എന്നാൽ 17ആം ഓവറിൽ രൊഹിത് ശർമ്മയെ പുറത്താക്കിയ സാൻ്റ്നർ മത്സരത്തിലെ തൻ്റെ രണ്ടാം വിക്കറ്റ് കണ്ടെത്തി. 48 പന്തുകളിൽ ആറ് ബൗണ്ടറികളും മൂന്ന് സിക്സറുകളും സഹിതം 67 റൺസെടുത്ത രോഹിത് പുറത്തായതോടെ മുംബൈ സമ്മർദ്ദത്തിലായി.

അവസാന രണ്ട് ഓവറുകളിൽ പൊള്ളാർഡിനും ഹർദ്ദിക്കിനും കൂറ്റനടികൾക്ക് സാധിക്കാതിരുന്നതോടെ മുംബൈ സ്കോർ 4 വിക്കറ്റിന് 155ൽ ഒതുങ്ങി. ഹർദ്ദിക് 18 പന്തുകളിൽ ഓരോ ബൗണ്ടര്യും സിക്സറുമടക്കം 23 റൺസെടുത്തും പൊള്ളാർഡ് 12 പന്തുകളിൽ രണ്ട് ബൗണ്ടറികൾ സഹിതം 13 റൺസെടുത്തും പുറത്താവാതെ നിന്നു.

4 ഓവറിൽ വെറും 13 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ സാൻ്റ്നർക്കൊപ്പം ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ദീപക് ചഹാറും ഇമ്രാൻ താഹിറും ചെന്നൈക്ക് വേണ്ടി മികച്ച കളി കെട്ടഴിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here