Advertisement

മലിംഗയ്ക്ക് നാലു വിക്കറ്റ്; മുംബൈക്ക് കൂറ്റൻ ജയം

April 26, 2019
1 minute Read

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് കൂറ്റൻ ജയം. 46 റൺസിനായിരുന്നു മുംബൈയുടെ ജയം. 4 വിക്കറ്റെടുത്ത ശ്രീലങ്കൻ പേസർ ലസിത് മലിംഗയുടെ ഉജ്ജ്വല ബോളിംഗ് പ്രകടനമാണ് മുംബൈക്ക് വിജയം സമ്മാനിച്ചത്. ചെന്നൈക്ക് വേണ്ടി മുരളി വിജയ്, ഡ്വെയിൻ ബ്രാവോ, മിച്ചൽ സാൻ്റ്നർ എന്നിവർ മികച്ച പ്രകടനം കാഴ്ച വെച്ചു.

തകർച്ചയോടെയായിരുന്നു ചെന്നൈയുടെ തുടക്കം. കഴിഞ്ഞ മത്സരത്തിലെ ഹീറോ ഷെയിൻ വാട്സണിനെ ആദ്യ ഓവറിൽ തന്നെ ചെന്നൈക്ക് നഷ്ടമായി. രണ്ട് ബൗണ്ടറികളടിച്ച് പോസിറ്റീവായി ബാറ്റിംഗ് ആരംഭിച്ച വാട്സണിൻ്റെ (8) പുറത്താവലിനു പിന്നാലെ ക്യാപ്റ്റൻ സുരേഷ് റെയ്ന (2), അമ്പാട്ടി റായുഡു (0), കേദാർ ജാദവ് (6), ധ്രുവ് ഷോറേ (5) തുടങ്ങിയവരും സ്കോർ ബോർഡിൽ ചലനങ്ങളുണ്ടാക്കാതെ പുറത്തായി.

ഒരറ്റത്ത് തുടർച്ചയായി വിക്കറ്റ് വീഴുമ്പോഴും ക്രീസിൽ പിടിച്ചു നിന്ന ഓപ്പണർ മുരളി വിജയ് ഡ്വെയിൻ ബ്രാവോയുമായി ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും ബുംറയെ തിരികെ വിളിച്ച ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തീരുമാനം ഫലം കണ്ടു. ആ ഓവറിൽ സൂര്യകുമാർ യാദവിൻ്റെ ഉജ്ജ്വലമായ ഒരു ക്യാച്ചിൽ മുരളി വിജയ് പുറത്തായി.  35 പന്തുകളിൽ 3 ബൗണ്ടറികളും ഒരു സിക്സറും സഹിതം 38 റൺസെടുത്തതിനു ശേഷമാണ് മുരളി വിജയ് പുറത്തായത്.

തുടർന്ന് മിച്ചൽ സാൻ്റ്നർ-ഡ്വെയിൻ ബ്രാവോ സഖ്യം ക്രീസിൽ ഒത്തു ചേർന്നു. ഏതാനും കൂറ്റൻ ഷോട്ടുകളുമായി ഇരുവരും കളി തിരിച്ചു പിടിക്കാൻ ശ്രമിച്ചെങ്കിലും  വൈകിപ്പോയിരുന്നു. 17 പന്തുകളിൽ രണ്ട് ബൗണ്ടറികൾ സഹിതം 20 റൺസെടുത്ത ബ്രാവോ 16ആം ഓവറിൽ മലിംഗയുടെ ഇരയായി. ദീപക് ചഹാറും ഹർഭജൻ സിംഗും ചെറുത്തു നില്പില്ലാതെ കീഴടങ്ങിയതോടെ മുംബൈക്ക് കാര്യങ്ങൾ ചടങ്ങ് മാത്രമായി. 18ആം ഓവറിലെ നാലാം പന്തിൽ സാൻ്റ്നറിനെ പൊള്ളാർഡിൻ്റെ കൈകളിലെത്തിച്ച മലിംഗ മുംബൈക്ക് 46 റൺസിൻ്റെ കൂറ്റൻ ജയം സമ്മാനിച്ചു. 20 പന്തുകളിൽ രണ്ട് സിക്സറുകളടക്കം 22 റൺസായിരുന്നു സാൻ്റ്നറുടെ സമ്പാദ്യം.

4 വിക്കറ്റെടുത്ത മലിംഗയ്ക്ക് പുറമെ രണ്ട് വീതം വിക്കറ്റെടുത്ത ജസ്പ്രീത് ബുംറ, കൃണാൽ പാണ്ഡ്യ എന്നിവരും ഓരോ വിക്കറ്റ് വീതമെടുത്ത അനുകുൾ റോയ്, ഹർദ്ദിക് പാണ്ഡ്യ എന്നിവരും മുംബൈക്ക് വേണ്ടി വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു. അനുകുളിൻ്റെ ആദ്യ ഐപിഎൽ വിക്കറ്റാണിത്.

നേരത്തെ, സീസണിലെ ആദ്യ അർദ്ധസെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഇന്നിംഗ്സാണ് മുംബൈയെ മാന്യമായ സ്കോറിലെത്തിച്ചത്. രണ്ട് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സാൻ്റ്നറാണ് ചെന്നൈക്കു വേണ്ടി തിളങ്ങിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top