മനീഷ് പാണ്ഡെയ്ക്ക് അർദ്ധസെഞ്ചുറി; രാജസ്ഥാന് 161 വിജയലക്ഷ്യം

സൺ റൈസേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് റൺസ് 161 വിജയലക്ഷ്യം. അർദ്ധസെഞ്ചുറിയടിച്ച മനീഷ് പാണ്ഡെയാണ് സൺ റൈസേഴ്സിൻ്റെ ടോപ്പ് സ്കോറർ. മികച്ച രീതിയിൽ പന്തെറിഞ്ഞ രാജസ്ഥാൻ ബൗളർമാർ സൺ റൈസേഴ്സിനെ പിടിച്ച് കെട്ടുകയായിരുന്നു.
സ്ഥിര ഓപ്പണർ ജൊണി ബാരിസ്റ്റോ നാട്ടിലേക്ക് മടങ്ങിയതിനു പിന്നാലെ ആ സ്ഥാനത്തേക്കെത്തിയ ക്യാപ്റ്റൻ കെയിൻ വില്ല്യംസണും ഡേവിഡ് വാർണ്ണറും നന്നായി തുടങ്ങിയെങ്കിലും നാലാം ഓവറിൽ ശ്രേയാസ് ഗോപാലിനു വിക്കറ്റ് സമ്മാനിച്ച് വില്ല്യംസൺ മടങ്ങി. 13 റൺസുമായി വില്ല്യംസൺ മടങ്ങിയതിനു പിന്നാലെയാണ് കഴിഞ്ഞ മത്സരത്തിലെ ഹീറോ മനീഷ് പാണ്ഡെ ക്രീസിലെത്തിയത്.
കഴിഞ്ഞ മത്സരത്തിൽ നിർത്തിയ ഇടത്തു നിന്ന് തുടങ്ങിയ പാണ്ഡെ ഡേവിഡ് വാർണറെ കാഴ്ചക്കാരനാക്കി കത്തിക്കയറി. വാർണറുമായി കെട്ടിപ്പടുത്ത 75 റൺസ് കൂട്ടുകെട്ടിൽ ഏറിയ പങ്കും പാണ്ഡെയുടെ ബാറ്റിൽ നിന്നായിരുന്നു. 13ആം ഓവറിൽ ഒഷേൻ തോമസിൻ്റെ പന്തിൽ സ്റ്റീവ് സ്മിത്ത് പിടിച്ച് പുറത്താകുമ്പോൾ 32 പന്തുകളിൽ 37 റൺസ് വാർണർ സ്കോർ ചെയ്തിരുന്നു. എന്നാൽ ആ ഇന്നിംഗ്സിൽ ഒരൊറ്റ ബൗണ്ടറി പോലും ഇല്ലായിരുന്നു.
ഒരറ്റത്ത് പങ്കാളികളെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുമ്പോഴും ഉജ്ജ്വല സ്ട്രോക്ക് പ്ലേ കെട്ടഴിഞ്ഞ മനീഷ് 26 പന്തുകളിൽ നിന്നാണ് തുടർച്ചയായ തൻ്റെ രണ്ടാം അർദ്ധസെഞ്ചുറി പൂർത്തിയാക്കിയത്. 15ആം ഓവറിൽ ശ്രേയാസ് ഗോപാലിനു കീഴടങ്ങി മടങ്ങുമ്പോൾ 36 പന്തുകളിൽ 9 ബൗണ്ടറികൾ സഹിതം 61 റൺസായിരുന്നു പാണ്ഡെയുടെ സ്കോർ.
വിജയ് ശങ്കർ (8), ഷാക്കിബ് അൽ ഹസൻ (9), ദീപക് ഹൂഡ (0), വൃദ്ധിമാൻ സാഹ (5), ഭുവനേശ്വർ കുമാർ (1) എന്നിവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. വാലറ്റത്ത് 8 പന്തുകളിൽ 17 റൺസെടുത്ത റാഷിദ് ഖാൻ്റെ ഇന്നിംഗ്സാണ് സൺ റൈസേഴ്സിനെ 160 കടത്തിയത്.
രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വരുൺ ആരോൺ, ഒഷേൻ തോമസ്, ശ്രേയാസ് ഗോപാൽ, ജയ്ദേവ് ഉനദ്കട്ട് എന്നിവരാണ് രാജസ്ഥാനു വേണ്ടി മികച്ച പ്രകടനം നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here