‘സൗഹൃദം തേങ്ങയാണ്, മനുഷ്യത്വമാണ് പ്രധാനം’; സുഹൃത്ത് അലൻസിയർ ഉൾപ്പെട്ട മീ ടൂ വിവാദത്തെ കുറിച്ച് ശ്യാം പുഷ്‌കരൻ
സൗഹൃദം തേങ്ങയാണ്, മനുഷ്യത്വമാണ് പ്രധാനമെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരൻ. അലൻസിയറിനെതിരെ ഉയർന്ന മീ ടൂ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിച്ച നിലപാടിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ശ്യാം. ഡബ്ലിയുസിസിയുടെ രണ്ടാം വാർഷിക ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു ശ്യാം പുഷ്‌കരൻ.
അലൻസിയർ മീ ടു ആരോപണത്തിൽ ഉൾപ്പെട്ടപ്പോൾ സൗഹൃദ സംഭാഷണത്തിന് പോയില്ല. ആണധികാരലോകത്ത് ഭീരുവായിപ്പോകുന്ന തന്നെ പോലുള്ളവർക്ക് ധൈര്യം നൽകുന്ന സംഘടനയാണ് ഡബ്‌ള്യൂ.സി.സി എന്നും ശ്യാം പുഷ്‌കരൻ പറഞ്ഞു.
ആരോപണം ഉയർന്നപ്പോൾ അലൻസിയർ സന്ധി സംഭാഷണത്തിനായി സമീപിച്ചിരുന്നു. എന്നാൽ ആക്രമണത്തിന് ഇരയായ നടിക്ക് ബോധ്യപ്പെടുന്ന ഒരു പരിഹാരം പരാതിയിലുണ്ടാകുന്നത് വരെ ഒരു തരത്തിലുള്ള ഒത്തുതീർപ്പ് ചർച്ചക്കുമില്ലെന്നാണ് മറുപടി പറഞ്ഞതെന്ന് ശ്യാം പുഷ്‌കരൻ പറഞ്ഞു.
മീ ടു വളരെ സീരിയസ്സായി കാണേണ്ട ഒട്ടും ജോക്കല്ലാത്ത ഒരു മൂവ്‌മെന്റാണ് . സ്ത്രീപക്ഷ സിനിമ ചെയ്യണമെന്ന് കരുതി എത്തിയതാണെങ്കിലും സ്ത്രീവിരുദ്ധ സിനിമ ചെയ്യുന്ന ഒരാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
പുരുഷാധിപത്യത്തിന്റെ തന്ത്രങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ സംഘടനയാണ് വിമൻ ഇൻ സിനിമ കളക്ടീവെന്നും പൊതുസ്ഥലങ്ങളിൽ നിന്നും സ്ത്രീകളെ മാറ്റി നിർത്തുക എന്നതാണ് പുരുഷാധിപത്യത്തിന്റെ തന്ത്രമെന്നും ശ്യാം പുഷ്‌കരൻ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here