ഇദായ് ചുഴലിക്കാറ്റിന് പിന്നാലെ മൊസാംബിക്കിനെ വീണ്ടും ഭീതിയിലാഴ്ത്തി കെന്നത് ചുഴലിക്കാറ്റും

ഏറെ നാശം വിതച്ച ഇദായ് ചുഴലിക്കാറ്റിന് പിന്നാലെ മൊസാംബിക്കിനെ വീണ്ടും ഭീതിയിലാഴ്ത്തി ഇപ്പോള്‍ കെന്നത് ചുഴലിക്കാറ്റും. രാജ്യത്ത് തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം അഞ്ചായി. ആയിരക്കണക്കിനാളുകളെ സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ശക്തമായ മഴക്കും, വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നീരിക്ഷ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗതയിലാണ് കെന്നത് ചുഴലി മൊസാംബിക്കന്‍ തീരത്തേക്ക് ആഞ്ഞുവീശിയത്. കാറ്റിന്‍റെ ശക്തിയിൽ ആയിരക്കണക്കിന് വീടുകൾ പൂർണ്ണമായും തകർന്നു. പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. ഇതുവരെ അഞ്ചു പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടുള്ളത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നൂറിലധികം പേർക്ക് പരുക്കേറ്റു.
സ്ത്രീകളും, കുട്ടികളും അടക്കം 20,000 ത്തിലധികമാളുകളെ സ്കുളുകളിലും ക്രിസ്ത്യൻ പള്ളികളിലുമായി മാറ്റിപാർപ്പിച്ചിട്ടുണ്ട്. റോഡുകള്‍ തകര്‍ന്നതിനാല്‍ ഇവിടങ്ങളിൽ കൃത്യമായി ഭക്ഷണമെത്തിക്കാന്‍ അധികൃതർക്ക് കഴിയുന്നില്ല. ഏഴ് ലക്ഷത്തോളം പേര്‍ ഈ പ്രദേശങ്ങളിലുള്ളതെന്നാണ് യുഎന്നിന്‍റെ കണക്കുകൾ. നിരവധി പേർ വീടുകളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. കഴിഞ്ഞ മാസമുണ്ടായ ഇദായി ചുഴലിക്കാറ്റില്‍ 1007 പേരാണ് മൊസാംബിക്കയില്‍ മാത്രം കൊല്ലപ്പെട്ടത്. 6,985 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് ഇദായി രാജ്യത്തുണ്ടാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here