കല്യാശ്ശേരിയിലും പിലാത്തറയിലും കള്ളവോട്ട് സ്ഥിരീകരിച്ച് ടീകാറാം മീണ; പത്മിനി എന്ന വോട്ടർ രണ്ട് തവണ വോട്ട് ചെയ്തു

കല്യാശേരി, പിലാത്തറ എയുപി സ്കൂളിലെ കള്ളവോട്ട് സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കള്ളവോട്ട് ചെയ്ത പഞ്ചായത്തംഗം സെലീനയെ അയോഗ്യയാക്കും. മറ്റുള്ളവർക്കെതിരെ കേസെടുക്കാനും നിർദേശിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കൃത്യവിലോപം നടന്നതായി കണ്ണൂർ കളക്ടർ നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ നിന്ന് ബോധ്യപ്പെട്ടതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മിണ. റീപ്പോൾ വേണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും മീണ വ്യക്തമാക്കി.
കാസർഗോഡ് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കണ്ണൂർ കല്യാശേരിയിലെ 19 ആം നമ്പർ ബൂത്തിൽ കള്ളവോട്ടുകൾ ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ കാസർഗോഡ് കണ്ണൂർ കളക്ടർമരോട് റിപ്പോർട്ട് തേടിയത്. കണ്ണൂർ കളക്ടർ നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ 19 ആം നമ്പർ ബൂത്തായ പിലാത്തറ എ യു പി സ്കൂളിൽ 3 കള്ളവോട്ടുകൾ നടന്നതായി സ്ഥിരീകരിച്ചു.
19 ആം നമ്പർ ബൂത്തിലെ വോട്ടറായ പത്മിനി രണ്ട് വട്ടം വോട്ട് ചെയ്തു. പഞ്ചായത്തംഗം സെലീനയുടെ വോട്ട് 17ാം നമ്പർ ബൂത്തിൽ. എന്നാൽ സെലീന 19ൽ വോട്ട് ചെയ്തു.24 ാം നമ്പർ ബൂത്തിലെ വോട്ടറായ മുൻ ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. സുമയ്യ പോളിംഗ് റിലീവിംഗ് ഏജന്റ് ആയാണ് 19 അം നമ്പർ ബൂത്തിൽ എത്തുന്നത്. എന്നാൽ സുമയ്യയും ഇവിടെ വോട്ട് ചെയ്തതായി സ്ഥിരീകരിച്ചു.
ജനപ്രാതിനിധ്യ നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമം, 171 C,D,F വകുപ്പകൾ പ്രകാരം ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കും. പഞ്ചായത്തംഗമായ സെലീനയെ അയോഗ്യയാക്കും.
ബൂത്തിലുണ്ടായിരുന്ന പ്രിസൈഡിംഗ് ഓഫിസർമാർ ഉൾപ്പെടയുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൃത്യവിലോപം നടത്തിയതായി പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ നിന്ന് വ്യക്തമായി. വിശദമായ അന്വേഷണം നടത്തി, നടപടി ആവശ്യമെങ്കിൽ, ഒരാഴ്ച്ചയ്ക്കകം സ്വീകരിക്കാൻ കളക്ടറോട് നിർദേശിച്ചു.
വ്യാപാരി വ്യവസായി നേതാവ് കെ.സി.രഘുനാഥ് ചലനശേഷി നഷ്ടപ്പെട്ട ഒരു ഡോക്ടരുടെ കൂടെ വന്നതാണെന്നും എന്നാൽ ഡോക്ടർക്ക് വേണ്ടി വോട്ടിട്ടത് മറ്റൊരാളാണെന്നും പോളിംഗ് ഓഫിസർ സ്ഥിരീകരിച്ചതായും കമ്മീഷൻ വ്യക്തമാക്കി. സിപിഎമ്മിന്റെ പ്രതിരോധായുധമായ ഓപ്പൺ വോട്ടെന്ന വാദവും ടീക്കാറാം മീണ തള്ളി. സംഭവത്തെകുറച്ച് പരാതിപെടാതെ യുഡിഎഫ് ബൂത്ത് ഏജന്റ് നേരത്തെ പുറത്തു പോയതിനെ കുറിച്ച് അന്വേഷിക്കും. കള്ളവോട്ട് ചെയ്യാൻ സഹായിച്ച എൽ ഡി എഫ് ബൂത്ത് ഏജൻറ് സതീഷ് ചന്ദ്രനെതിരെയും കേസെടുക്കും. റിപ്പോർട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കും. റീ പോൾ വേണൊയെന്ന കാര്യത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാകും അന്തിമ തീരുമാനമെടുക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here