യുഡിഎഫിന്റെ തിരക്കഥയ്ക്കൊപ്പം തെരഞ്ഞെടുപ്പ് ഓഫീസർ പ്രവർത്തിക്കുന്നു; ടിക്കാറാം മീണയ്ക്കെതിരെ കോടിയേരി

കള്ളവോട്ട് വിഷയത്തിൽ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫ് തന്ത്രത്തിന്റെ ഭാഗമായുള്ള തിരക്കഥയ്ക്കൊപ്പം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രവർത്തിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയ്ക്ക് സീറ്റുകൾ വർദ്ധിക്കുമെന്ന് ഉറപ്പായപ്പോഴാണ് യുഡിഎഫ് കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ഈ പ്രചരണത്തിൽ പങ്കു ചേർന്നു എന്നുള്ളത് ഗൗരവകരമായ കാര്യമാണ്. മൂന്ന് പേർ കള്ളവോട്ട് ചെയ്തു എന്ന നിഗമനം തെരഞ്ഞെടുപ്പ് ഓഫീസർ ഉറപ്പിക്കുന്നതിനു മുമ്പ് ഇവരിൽ നിന്നു വിശദീകരണം തേടിയില്ല.
സ്വാഭാവിക നീതി നിഷേധിച്ച് മൂന്ന് സ്ത്രീകളെ കുറ്റക്കാരാക്കുകയാണ് അദ്ദേഹം ചെയ്തത്.ആരോപണം തെറ്റാണെന്ന് കണ്ടെത്തിയാൽ പഞ്ചായത്ത് അംഗത്വം തിരികെ നൽകാനാകുമോയെന്നും കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു.ടിക്കാറാം മീണയുടെ നടപടികൾക്കെതിരെ സിപിഎം നിയമപരമായി മുന്നോട്ട് പോകും.ആരോപണ വിധേയരിൽനിന്ന് വിശദീകരണം പോലും തേടിയില്ല.മാധ്യമ വിചാരണയ്ക്ക് അനുസരിച്ചല്ല തെരഞ്ഞെടുപ്പ് കമ്മീഷണർ പ്രവർത്തിക്കേണ്ടത്.വെബ് കാസ്റ്റിങ് ദൃശ്യങ്ങൾ രഹസ്യം കിട്ടിയെന്ന പേരിൽ പ്രചരിപ്പിക്കുന്നത് ശരിയല്ല.തെറ്റ് തിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തയാറാകണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here